ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കോട്ടയം അതിരൂപത വികാരി ജനറാള്‍
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കോട്ടയം അതിരൂപത വികാരി ജനറാള്‍
Sunday, May 3, 2015 11:46 PM IST
കോട്ടയം: ക്നാനായ കത്തോലിക്കാ അതിരൂപത വികാരി ജനറാളായി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിയമിതനായി. കോട്ടയം അതിരൂപതയുടെ കീഴിലുള്ള മലങ്കര റീജണിന്റെ വികാരി ജനറാളായി ഫാ. തോമസ് കൈതാരവും നിയമിതനായി. ചൈതന്യ പാസ്ററല്‍ സെന്റര്‍ ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വീസ് സെസൈറ്റി സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്. കോട്ടയം നീണ്ടൂര്‍ വെട്ടിക്കാട്ട് പരേതനായ ജോസഫ് ചിന്നമ്മ ദമ്പതികളുടെ പുത്രനാണ്. 1993ല്‍ കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ഇടവകയില്‍ അസിസ്റന്റ് വികാരിയായും എന്‍ആര്‍ സിറ്റി, സേനാപതി ഇടവകകളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചു.

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്നു സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയതിനൊപ്പം ഡല്‍ഹി ക്നാനായ കത്തോലിക്ക സമുദായ അംഗങ്ങളുടെ ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

1997 മുതല്‍ മലബാര്‍ സോഷ്യല്‍ സര്‍വീസ് സെക്രട്ടറി, മലബാര്‍ റീജണല്‍ മതബോധന ഡയറക്ടര്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് മലബാര്‍ റീജണ്‍ ചാപ്ളെയിന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. കാര്‍ട്ട് ഡയറക്ടര്‍, ചൈതന്യ കാര്‍ഷിക മേള ജനറല്‍ കണ്‍വീനര്‍, ഡയാസ്പറ മിനിസ്ട്രി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് നിയമനം.


പ്രഥമ ഷെവലിയാര്‍ പുല്ലാപ്പള്ളി അവാര്‍ഡ്, ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ മാര്‍ഗ ദര്‍ശി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പുനര്‍ നിര്‍ണയ കമ്മിറ്റിയായ ഇഎഫ്എല്‍ കമ്മിറ്റിയില്‍ അംഗമാണ്.

ഫാ. തോമസ് കൈതാരം ചെങ്ങളം. തുരുത്തിക്കാട.് ഇരവിപേരൂര്‍. ചിങ്ങവനം എന്നീ ഇടവകകളില്‍ വികാരിയായും വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തെങ്ങേലി കറ്റോട് പള്ളി വികാരിയും ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപകനായും സേവനം അനുഷ്ഠിച്ചു വരികയാണ്. ചിങ്ങവനം കൈതാരം പരേതരായ ഡോ. അലക്സ്- തങ്കമ്മ ദമ്പതികളുടെ മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.