അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മില്‍ കൂട്ടുകെട്ട്: വിജിലന്‍സ് ഡയറക്ടര്‍
Sunday, May 3, 2015 11:46 PM IST
തിരവനന്തപുരം: അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള കൂട്ടുകെട്ട് അഴിമതി തഴച്ചുവളരാനിടയാക്കുന്നെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍. കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഗോള അഴിമതി നിര്‍മാര്‍ജന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരസ്പര സഹായത്തോടെ മുന്നോട്ടുപോകുന്ന ഈ പ്രതിഭാസം മാറണം. സമൂഹത്തില്‍ അഴിമതിക്കാരായി അറിയപ്പെടുന്നവരെ തെരഞ്ഞെടുത്തു മുകളിലേക്കു വിടാന്‍ പാടില്ല. അഴിമതിക്കെതിരേ നടപടി സ്വീകരിക്കേണ്ട ഏജന്‍സിക്കു പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. പോലീസ് സേനയിലെ അനധികൃത സ്ഥലംമാറ്റം ഉദ്യോഗസ്ഥരുടെ തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന ഡമോക്ളീസിന്റെ വാളാണ്. രണ്ടു വര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ സ്ഥലംമാറ്റങ്ങള്‍ വന്നാല്‍ താഴെത്തട്ടിലുള്ള പോലീസുദ്യോഗസ്ഥര്‍ കീഴടങ്ങുമെന്നും വിജിലന്‍സിലും പുഴുക്കുത്തുകള്‍ ഉണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി കുറച്ചു കൊണ്ടു അഴിമതി കുറയ്ക്കാന്‍ കഴിയില്ല. കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാനായില്ലെങ്കില്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുന്നതാണു നല്ലത്. കാരണം ഇതു കടുത്ത അഴിമതിക്കു വഴിവയ്ക്കുകയാണ്. വിവരാവകാശ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അഴിമതി കുറച്ചു കൊണ്ടു വരാന്‍ സഹായകമാണ്. കഴിയുന്ന എല്ലാ മേഖലകളിലും ഇ-ഗവേണന്‍സ് കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.