ബാര്‍ കോഴ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: എം.എം. ഹസന്‍
ബാര്‍ കോഴ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: എം.എം. ഹസന്‍
Sunday, May 3, 2015 11:58 PM IST
കൊച്ചി: ബാര്‍കോഴ കേസില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറാകണമെന്നു കെപിസിസി വൈസ്പ്രസിഡന്റ് എം.എം. ഹസന്‍.

സിപിഎമ്മിന്റെ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായാണു ബിജു രമേശ് തുടര്‍ച്ചയായി മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെയും പ്രതിപക്ഷത്തിന്റെയും ചട്ടുകമാണു ബിജു രമേശ്. അന്വേഷണം നീട്ടിക്കൊണ്ടു പോയി രാഷ്ട്രീയ മുതലെടുപ്പു നടത്താനാണു ബിജു രമേശ് ശ്രമിക്കുന്നത്. അഞ്ചു തവണ വിജിലന്‍സിനു മൊഴി കൊടുത്തപ്പോഴൊന്നും എക്സൈസ് മന്ത്രി കെ.ബാബുവിന് 10 കോടി രൂപ നല്‍കിയെന്ന കാര്യം ബിജു രമേശ് പറഞ്ഞില്ല. രണ്ടാം ഘട്ടത്തില്‍ ഇത്തരമൊരു ആരോപണമുന്നയിക്കുന്നതു രാഷ്ട്രീയപ്രേരിതമാണ്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു വരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അന്വേഷണം നീട്ടികൊണ്ടു പോകുക എന്നതാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അഴിമതിയ്ക്കെതിരേ പോരാടാന്‍ മുന്നോട്ടുവരുന്നുവെന്നു പ്രഖ്യാപിച്ച ബിജു രമേശ് ഒന്നിനു പിറകെ ഒന്നായി അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. സിപിഎമ്മിന്റെ ഉന്നത നേതാവിന്റെ വീട്ടില്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ അടങ്ങുന്ന സിഡി പുറത്തു വന്നുകഴിഞ്ഞു.

വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായങ്ങളായി കരുതരുത്. പാര്‍ട്ടിയുമായി ആലോചിച്ചു പറയുന്ന കാര്യങ്ങള്‍ മാത്രമാണു പാര്‍ട്ടിയുടെ അഭിപ്രായങ്ങളെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.