ജമീലാ പ്രകാശത്തിന്റെ പരാതിയില്‍ കോടതി നേരിട്ടു തെളിവെടുക്കും
ജമീലാ പ്രകാശത്തിന്റെ പരാതിയില്‍ കോടതി നേരിട്ടു തെളിവെടുക്കും
Sunday, May 3, 2015 12:47 AM IST
തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടു യുഡിഎഫ് എംഎല്‍എമാരായ കെ. ശിവദാസന്‍നായര്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരേ ജമീലാ പ്രകാശം എംഎല്‍എ നല്‍കിയ പരാതിയില്‍ കോടതി നേരിട്ടു തെളിവെടുക്കും. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഡി.എസ്. നോബല്‍ 30നു ജമീലാ പ്രകാശത്തിന്റെ മൊഴി രേഖപ്പെടുത്തും. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടു നടന്ന കൈയാങ്കളിക്കിടയില്‍ ശിവദാസന്‍നായരും ഡൊമിനിക് പ്രസന്റേഷനും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നും അന്യായമായി തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു പരാതി.


30നു പരാതിക്കാരിയുടെ മൊഴി എടുക്കും. പിന്നീട് ആവശ്യമെങ്കില്‍ മറ്റു സാക്ഷികളുടെ മൊഴി എടുക്കും. എംഎല്‍എമാരായ ഐഷാപോറ്റി, വി. ചെന്താമരാക്ഷന്‍, എ.എം. ആരിഫ്, മാത്യു ടി തോമസ്, മാധ്യമ പ്രവര്‍ത്തകരായ സുജിത്ത്, റഷീദ് എന്നിവരാണു സാക്ഷികള്‍. നിയമസഭാ കൈയാങ്കളിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സിഡിയും ജമീലാ പ്രകാശം ഹാജരാക്കിയിട്ടുണ്ട്. ഇവയും കോടതി പരിശോധിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.