ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ അടുത്ത മാസം മുതല്‍
ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ അടുത്ത മാസം മുതല്‍
Monday, May 4, 2015 12:17 AM IST
തിരുവനന്തപുരം: 2015 മേയ് മാസത്തിനു ശേഷം നടത്തുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം ഫോട്ടോകൂടി ചേര്‍ക്കേണ്ടതാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

പോസ്റല്‍ ബാലറ്റ് പേപ്പറിലും സാധാരണ ബാലറ്റ് പേപ്പറിലും വോട്ടിംഗ് യന്ത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ബാലറ്റ് പേപ്പറിലും സ്ഥാനാര്‍ഥിയുടെ ഫോട്ടോ കൂടി അച്ചടിക്കും. സ്ഥാനാര്‍ഥിയുടെ പേര് അച്ചടിക്കുന്ന പാനലില്‍ പേരിനും ചിഹ്നത്തിനുമിടയിലാണു ഫോട്ടോ ചേര്‍ക്കുക. രണ്ടു സെന്റിമീറ്റര്‍ വീതിയും 2.5 സെന്റിമീറ്റര്‍ ഉയരത്തിലുമായിരിക്കും ഫോട്ടോ അച്ചടിക്കുക.

മൂന്നു മാസങ്ങള്‍ക്കുള്ളില്‍ എടുത്തിട്ടുള്ള ഫോട്ടോ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രികയോടൊപ്പം വരണാധികാരിക്കു നല്‍കണം. വെള്ള പശ്ചാത്തലത്തില്‍ മുഖം വൃക്തമായി കാണത്തക്കവിധം ഭാവഭേദങ്ങളൊന്നും പ്രകടിപ്പിക്കാത്ത വിധത്തിലുള്ള ഫോട്ടോയാണു സമര്‍പ്പിക്കേണ്ടത്. ഫോട്ടോയില്‍ യൂണിഫോം, തൊപ്പി, കറുത്ത കണ്ണട എന്നിവ ഒഴിവാക്കണം.


നാമനിര്‍ദേശപത്രികയോടൊപ്പ മോ സൂക്ഷ്മപരിശോധനാ സ മയത്തോ ഫോട്ടോ വരണാധികാരിക്കു സമര്‍പ്പിക്കണം. ഫോട്ടോയുടെ പിന്‍ഭാഗത്തു സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ ഏജന്റോ നിര്‍ദേശകനോ ഒപ്പുവയ്ക്കണം. സമര്‍പ്പിക്കുന്ന ഫോട്ടോ ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടേതു തന്നെയാണെന്നും അതു മൂന്നു മാസങ്ങള്‍ക്കകം എടുത്തതാണെന്നുള്ള പ്രസ്താവനയും ഇവരിലാരെങ്കിലും വരണാധികാരിക്ക് ഒപ്പിട്ടു നല്‍കണം.

ഫോട്ടോ നല്‍കാത്ത സ്ഥാനാര്‍ഥികളുടെ ഫോട്ടോ ബാലറ്റ് പേപ്പറില്‍ അച്ചടിക്കില്ല. എന്നാല്‍, ഫോട്ടോ നല്‍കാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിക്കളയാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.