ഹൈക്കോടതി വിധി നിരാശാജനകം: കത്തോലിക്കാ കോണ്‍ഗ്രസ്
Tuesday, May 5, 2015 11:39 PM IST
കൊച്ചി: പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ദളിത് മുസ്ലിമിനും ദളിത് ക്രൈസ്തവനും മത്സരിക്കാന്‍ അവകാശമില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. അഗസ്റിന്‍ പ്രസ്താവിച്ചു.

ഭാരതത്തിലെ എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കേണ്ട നീതിപീഠങ്ങളും ന്യായാധിപന്മാരും മതപരിവര്‍ത്തനത്തിനെ പ്രോത്സാഹിപ്പിക്കുന്നത് ദുഃഖകരവും ലജ്ജാകരവുമാണ്. സിക്ക്, ബുദ്ധമത വിശ്വാസികള്‍ക്കു മാത്രമേ ഈ സീറ്റുകളില്‍ മത്സരിക്കാന്‍ പാടുള്ളൂവെന്നു കോടതി നിര്‍ദേശിക്കുകയുണ്ടായി. ഭാരതസ്വാതന്ത്യ്രലബ്ധിക്കു മുമ്പ് വരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ മുസ്ലിം, ക്രൈസ്തവ, സിക്ക്, ബുദ്ധമത വിഭാഗങ്ങളിലേക്കു വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചേരുകയുണ്ടായിട്ടുണ്ട്. ഇതില്‍ സിക്ക്, ബുദ്ധമതക്കാര്‍ക്കു പട്ടികജാതി വിഭാഗത്തിന്റെ സംവരണ ആനുകൂല്യം നല്‍കുകയും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളില്‍ ചേര്‍ന്നവര്‍ക്കു സംവരണാനുകൂല്യം നിഷേധിക്കുകയുംചെയ്യുന്നതു മാനുഷിക മൂല്യങ്ങള്‍ക്കു ചേര്‍ന്നതല്ല.


കോടതികളുടെ ഇപ്രകാരമുള്ള വിധികള്‍മൂലം മുസ്ലിം, ക്രൈസ്തവ വിശ്വാസികളായ ജനങ്ങള്‍ സംവരണത്തിനു വേണ്ടി മറ്റു മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്താല്‍ അവര്‍ക്കും സംവരണം കൊടുക്കണമെന്നു കോടതിക്കു നിര്‍ദേശിക്കേണ്ടിവരും.

അപ്പോള്‍ കോടതികള്‍ തന്നെ മതപരിവര്‍ത്തനത്തിനു പ്രേരണ നല്‍കുകയാണ്. എല്ലാവര്‍ക്കും നീതി നല്‍കേണ്ട നീതിപീഠങ്ങള്‍ തന്നെ ഇത്തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുന്നതിനു മുമ്പു പല തവണ ആലോചിക്കേണ്ടതാണെന്നും അഗസ്റിന്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.