61 ദിവസത്തെ ട്രോളിംഗ് നിരോധനം പിന്‍വലിക്കണം: കെഎല്‍സിഎ
Wednesday, May 6, 2015 11:26 PM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 47 ദിവസത്തെ ട്രോളിംഗ് നിരോധനം 61 ദിവസത്തേക്കു നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ വിദേശ ട്രോളറുകള്‍ക്ക് ഇതൊന്നും ബാധകമല്ലെന്നത് തികഞ്ഞ നീതിനിഷേധമാണ്. ഇന്ത്യയിലെ മത്സ്യത്തൊഴിലാളി ജനവിഭാഗങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിവേചനപരവും കടുത്ത അവഗണനയുടേതുമാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതുകൊണ്ടുമാത്രം സംസ്ഥാന സര്‍ക്കാരിന് പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.


സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ട് മത്സ്യത്തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥ ബോധ്യപ്പെടുത്തണം. പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി നയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഷാജി ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.