സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായി മുന്നോക്കസമുദായ കമ്മീഷന്‍
Thursday, May 7, 2015 12:23 AM IST
തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക സമുദായ കമ്മീഷന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനായി ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ നിലവിലുള്ള ജഡ്ജിയോ മുന്‍ ജഡ്ജിയോ ചെയര്‍മാനായാണു കമ്മീഷന്‍ രൂപീകരിക്കുന്നത്.

മുന്നോക്ക സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിപുണരായ രണ്ടു മുന്നോക്ക സമുദായ അംഗങ്ങള്‍ മെംബര്‍മാറുമായിരിക്കും. പൊതുഭരണ സെക്രട്ടറി എക്സ് ഒഫീഷ്യോ മെംബര്‍ സെക്രട്ടറിയായിരിക്കും. കമ്മീഷന്റെ നിയമവും ചട്ടങ്ങളും രൂപീകരിക്കുന്നതിനു നിയമവകുപ്പിനെ ചുമതലപ്പെടുത്തി. ചെയര്‍മാനെയും മെംബര്‍മാരെയും പിന്നീടു നിയമിക്കും.


മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അപഗ്രഥിക്കുന്നതിനും ക്ഷേമകാര്യങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതിനുമായി കേരള സംസ്ഥാന മുന്നോക്ക സമുദായ കമ്മീഷന്‍ എന്ന പേരില്‍ സ്ഥിരം കമ്മീഷന്‍ രൂപീകരിക്കണമെന്ന ഡോ. വി.എം. ഗോപാലമേനോന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.