സിസ്റര്‍ ഡോ. ക്ളിയോപാട്ര: സഫലമീ യാത്ര
സിസ്റര്‍ ഡോ. ക്ളിയോപാട്ര: സഫലമീ യാത്ര
Thursday, May 7, 2015 12:30 AM IST
ഒല്ലൂര്‍: പ്രാര്‍ഥിക്കുന്ന അമ്മയെ വിശുദ്ധിയുടെ അള്‍ത്താരയിലേക്കുയര്‍ത്താന്‍ വഴിയൊരുക്കിയതിന്റെ ചാരിതാര്‍ഥ്യത്തോടെ ക്ളിയോപാട്രാമ്മ യാത്രയായി, നിത്യജീവനിലേക്കുള്ള യാത്ര.

എവുപ്രാസ്യമ്മയുടെ നാമകരണ നടപടികള്‍ക്കു പവിത്രമായ വഴിത്താര ഒരുക്കാന്‍ നേതൃത്വം വഹിച്ചതിന്റെ സ്വര്‍ഗീയാനുഭൂതിയോടെയാണു നാമകരണ നടപടികളുടെ വൈസ് പോസ്റുലേറ്ററായി പ്രവര്‍ത്തിച്ച സിസ്റര്‍ ക്ളിയോപാട്ര ലോകത്തോടു വിടപറഞ്ഞത്.

എവുപ്രാസ്യമ്മയുടെ മധ്യസ്ഥതയിലുള്ള അദ്ഭുതങ്ങളുടെ തെളിവുകള്‍ ശേഖരിച്ചുനല്‍കാനും മികവോടെ എഴുത്തുകുത്തുകള്‍ നടത്താനും ക്ളിയോപാട്രാമ്മ പ്രകടിപ്പിച്ച നൈപുണ്യവും വേഗവും മൂലമാണു വിശുദ്ധ പ്രഖ്യാപനത്തിലേക്കുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനായത്.

റോമില്‍ നടന്ന നാമകരണ പ്രഖ്യാപനത്തിലും തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന അതിരൂപതാതല ആഘോഷങ്ങളിലും അമരത്തുനിന്ന്, ഒല്ലൂരില്‍ എവുപ്രാസ്യ തീര്‍ഥകേന്ദ്രത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടുമാണു ക്ളിയോപാട്രാമ്മ വിടവാങ്ങിയത്. സുപ്രധാനമായ ചുമതലകള്‍ നിറവേറ്റാന്‍ ബുദ്ധിയും ജീവിതവും സമര്‍പ്പിക്കുന്നതിന് ആരോഗ്യ പ്രശ്നങ്ങളെല്ലാം മാറ്റിവയ്ക്കാനുള്ള അനുഗ്രഹം ദൈവം ക്ളിയോപാട്രാമ്മയ്ക്കു നല്‍കിയിരുന്നു. പാവനമായ ജോലിത്തിരക്കുകള്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെപ്പോലും അകറ്റിനിര്‍ത്തി. വത്തിക്കാനില്‍ വിശുദ്ധപദ പ്രഖ്യാപന ചടങ്ങിനിടെ വിശുദ്ധഗ്രന്ഥ പാരായണത്തിനും ക്ളിയോപാട്രാമ്മയ്ക്ക് അസുലഭ അവസരം ലഭിച്ചു.

വിശുദ്ധ പ്രഖ്യാപനത്തിനു ശേഷം മൂന്നു മാസം മുമ്പുമാത്രമാണ് 81 വയസുള്ള ക്ളിയോപാട്രാമ്മ വിശ്രമ ജീവിതത്തിലേക്കു പ്രവേശിച്ചത്. ഏതാനും ആഴ്ചകളായി രോഗശയ്യയിലായിരുന്നു.


സിഎംസി സന്യാസിനീസഭയുടെ തൃശൂര്‍ നിര്‍മല പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി 1986ല്‍ ചുമതലയേറ്റതു മുതലാണ് എവുപ്രാസ്യമ്മയുടെ നാമകരണ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ ക്ളിയോപാട്രാമ്മ കര്‍മനിരതയായത്.

എവുപ്രാസ്യമ്മയുടെ ചൈതന്യവും പ്രാര്‍ഥനാ അരൂപിയും നേരില്‍ അനുഭവിച്ചറിഞ്ഞതിന്റെ ആര്‍ജവമാണു നാമകരണ നടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ സിസ്റര്‍ ക്ളിയോപാട്രയെ പ്രാപ്തമാക്കിയത്. കന്യാസ്ത്രീയാകാന്‍ ഒല്ലൂര്‍ മഠത്തില്‍ പരിശീലനത്തിനെത്തിയപ്പോഴാണു സിസ്റര്‍ ക്ളിയോപാട്ര എവുപ്രാസ്യമ്മയെ ആദ്യമായി കാണുന്നത്.

ജീവിതം പുണ്യമാക്കിയ വന്ദ്യസന്യാസിനിയുടെ മാതൃക മനസില്‍ പതിഞ്ഞു. തൃശൂര്‍ സെന്റ് മേരീസ് കോളജ്, വിമല കോളജ് എന്നിവിടങ്ങളില്‍ അധ്യാപികയായും വകുപ്പധ്യക്ഷയായും റിസര്‍ച്ച് ഗൈഡായും സേവനമനുഷ്ഠിച്ചു.

കരിസ്മാറ്റിക് രംഗത്തു ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചു. നാഷണല്‍ സിആര്‍ഐയുടെ ദേശീയ പ്രസിഡന്റായും സിബിസിഐയുടെ വനിതാ കമ്മീഷന്റെ ആദ്യത്തെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

സിഎംസി സന്യാസിനീസഭയുടെ തൃശൂര്‍ നിര്‍മല പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍, ജനറല്‍ കൌണ്‍സിലര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാഗ്മിയും എഴുത്തുകാരിയും കവിയും സംഘാടകയുമാണ്. എവുപ്രാസ്യമ്മയെക്കുറിച്ചും വിവിധ പുസ്തകങ്ങള്‍ രചിച്ചു.അമേരിക്കയില്‍ ഇന്‍ഡ്യാനയിലെ സെന്റ് മേരീസ് കോളജില്‍നിന്നു ബിരുദവും തിയോളജിയില്‍ എംഎഎസ്ഡി ബിരുദവും നോട്ടര്‍ഡാം യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കാലിക്കട്ട് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.