കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകം: കേരള പരിസ്ഥിതി കോണ്‍ഗ്രസ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകം: കേരള പരിസ്ഥിതി കോണ്‍ഗ്രസ്
Thursday, May 7, 2015 12:34 AM IST
കോട്ടയം: കാലാവസ്ഥാ വ്യതിയാനം സമസ്തമേഖലകളിലും പ്രത്യാഘാതമുണ്ടാക്കി തുടങ്ങിയതായി സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡെവല്മെന്റ് (സിഇഡി) സംഘടിപ്പിക്കുന്ന കേരള പരിസ്ഥിതി കോണ്‍ഗ്രസില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മാമ്മന്‍ മാപ്പിള ഹാളില്‍ ഇന്നലെ രാവിലെ തുടങ്ങിയ കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, റബര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, സിഇഡി ചെയര്‍മാന്‍ വി.കെ. ദാമോദരന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, പ്രോഗ്രാം ഓഫീസര്‍ ഡോ. ടി. സാബു എന്നിവര്‍ പ്രസംഗിച്ചു.


കടല്‍ താപനിലയിലെ വര്‍ധനയും കടല്‍ മലിനീകരണവും മത്തി, അയില തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ നാശത്തിനും ഇതിടയാക്കുന്നു. കാര്‍ഷിക ഉത്പാദനത്തിലുണ്ടാകുന്ന കുറവ് ഭക്ഷ്യ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ മഴയുടെ ഘടനയില്‍ സമീപ വര്‍ഷങ്ങളിലുണ്ടായ വ്യതിയാനം കൃഷിയെയും വിളവെടുപ്പിനെയും ബാധിച്ചു. വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ കണികകളാണ് ഇക്കാലത്തെ ഏറ്റവും പ്രധാന പരിസ്ഥിതി മലിനീകരണം. വികസനം ലോകത്ത് അനിവാര്യമാണെന്നിരിക്കെ പ്രകൃതി വിഭവനങ്ങള്‍ പരമാവധി കുറച്ച് ഉപയോഗിക്കുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യണം. ഡോ. ഇ.ജെ. ജയിംസ്, ഡോ.പി.വി. ജോസഫ്. ഡോ. സാബു എന്നിവര്‍ ഇന്നലെ സെമിനാറുകള്‍ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.