വ്യവസായ സംരംഭങ്ങളെ ആകര്‍ഷിക്കാനും ഇനി സ്വകാര്യ പങ്കാളിത്തം
Thursday, May 7, 2015 12:19 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വ്യാവസായിക അടിസ്ഥാന നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും സ്വകാര്യ പങ്കാളിത്തമാകാമെന്നു പ്രഖ്യാപിക്കുന്ന സംസ്ഥാനത്തിന്റെ വ്യവസായ- വാണിജ്യ നയത്തിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരളത്തില്‍ വ്യവസായത്തിന് ആവശ്യമായ ഭൂമിയുടെ ആവശ്യകത വളരെ ഉയര്‍ന്നതിനാലാണു വ്യാവസായിക സൌകര്യങ്ങള്‍ ഒരുക്കുന്നതിനു സ്വകാര്യ പങ്കാളിത്തം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും നയത്തില്‍ പറയുന്നു.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വിജ്ഞാനാധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി നോളജ് സിറ്റി തിരുവനന്തപുരം ടെക്നോസിറ്റിയില്‍ സ്ഥാപിക്കും. പരിസ്ഥിതി സൌഹൃദവും മലിനീകരണം ഇല്ലാത്തതുമായ വ്യാവസായിക മേഖലകളെയാണു സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

വ്യവസായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. വ്യവസായ- വാണിജ്യ ഡയറക്ടറേറ്റ്, കെഎസ്ഐഡിസി, സിഡ്കോ, കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ എന്നിവയാണു നിലവില്‍ വ്യാവസായിക സൌകര്യങ്ങള്‍ ഒരുക്കിയിരുന്നത്.പ്രാദേശിക വികസനത്തിനും പ്രാദേശിക വിഭവങ്ങളെ ഉപയോഗിക്കുന്നതിനും തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കുന്നതിനും ഗ്രാമപ്രദേശങ്ങളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പ്രാമുഖ്യം നല്‍കും.

പ്രാദേശിക വിഭവങ്ങള്‍ക്കു മൂല്യവര്‍ധന: എസ്സി- എസ്ടി, വനിതാ സംരംഭകര്‍, വിദേശ മലയാളികള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കും.

വ്യാവസായിക മേഖലകളിലെ അടിസ്ഥാന സൌകര്യം വര്‍ധിപ്പിക്കാന്‍ പൊതു വ്യവസായ ഭൂമിയോ സ്വകാര്യ വ്യവസായിക പാര്‍ക്കോ എസ്റേറ്റോ ലഭ്യമാക്കും.

നാഷണല്‍ മാനുഫാക്ചറിംഗ് പോളിസി, പെട്രോളിയം കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്മെന്റ് റീജിയണ്‍സ്, ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് ക്ളസ്റേഴ്സ്, എംഎസ്ഇ, സിഡിപി എന്നിവയുമായി ചേര്‍ന്നു വ്യാവസായിക ക്ളസ്ററുകള്‍ വികസിപ്പിക്കും. മനുഷ്യ വിഭവശേഷി വികസിപ്പിച്ച് സേവന, വാണിജ്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കും.


സമയബന്ധിതമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു പുതിയ സംരംഭം ആരംഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണല്‍ സ്കില്‍സ് അക്വിസിഷന്‍ പ്രോഗ്രാമുമായി ചേര്‍ന്ന് അഡീഷണല്‍ സ്കില്‍സ് അക്വിസിഷന്‍ പദ്ധതി നടപ്പാക്കും. ഇലക്ട്രോണിക് സിസ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് സെക്ടര്‍ മേഖലയില്‍ പുതിയ സംരംഭകര്‍ക്കായി 20 ശതമാനം ക്യാപ്പിറ്റല്‍ സബ്സിഡി നല്‍കും. മേഖലയില്‍ 10 കോടിയിലധികം നിക്ഷേപമുള്ളവയെ അഞ്ചു വര്‍ഷത്തെ വാറ്റില്‍നിന്ന് ഒഴിവാക്കും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി തുടര്‍ച്ചയായി ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും അദാലത്തുകള്‍ സംഘടിപ്പിക്കും. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 30 ശതമാനം ഇന്‍വെസ്റ്മെന്റ് സബ്സിഡി ഏര്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ മെഗാഫുഡ് പാര്‍ക്ക് സ്കീമില്‍ കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് ജില്ലയിലും കെഎസ്ഐഡിസിയുടെ കീഴില്‍ ആലപ്പുഴയിലും ഫുഡ്പാര്‍ക്കുകള്‍ സ്ഥാപിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹകരണം ഉറപ്പാക്കാന്‍ പ്രത്യേക സമിതി. പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കും.

സ്വന്തമായി വില്പനശാലകള്‍ ആരംഭിക്കുന്നതിനായി കരകൌശലക്കാര്‍ക്കു സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെന്നും നയത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.