ഉതുപ്പ് വര്‍ഗീസ് കൊടുംകുറ്റവാളിയെന്നു സിബിഐ
Thursday, May 7, 2015 12:20 AM IST
കൊച്ചി: കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനുവേണ്ടി റിക്രൂട്ട് ചെയ്ത നഴ്സുമാരില്‍നിന്ന് അനധികൃതമായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊച്ചിയിലെ അല്‍ സറാഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ ഉതുപ്പ് വര്‍ഗീസ് രാജ്യാന്തര അധോലോക ബന്ധങ്ങളുള്ള കൊടുംകുറ്റവാളിയാണെന്നു സിബിഐ. റിക്രൂട്ട്മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗീസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി സിബിഐയുടെ നിലപാട് ആരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ കൊച്ചി യൂണിറ്റിലെ ഇന്‍സ്പെക്ടറുമായ താഹിര്‍ അബ്ബാസ് സമര്‍പ്പിച്ച വിശദീകരണ പത്രികയിലാണിത്.

കുവൈറ്റിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്തതില്‍ നൂറു കോടിയുടെ തട്ടിപ്പു നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്െടത്തിയിട്ടുണ്ട്. അപേക്ഷകരില്‍നിന്നു വന്‍തുക തട്ടിയെടുത്ത ഉതുപ്പിന്റെ നടപടി പകല്‍ക്കൊള്ളയാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കീഴ്ക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.

കേസില്‍ പ്രതിയാകുമെന്ന ഘട്ടം വന്നപ്പോള്‍ വിദേശത്ത് ഒളിവില്‍ പോയ ഉതുപ്പ് കേസിലെ സാക്ഷികളെ പണവും സ്വാധീനവും ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണ്. കുവൈറ്റിലെ ആരോഗ്യമന്ത്രാലയവുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് അല്‍ സറാഫ 1,200 നഴ്സുമാരെയാണു റിക്രൂട്ട് ചെയ്തത്. സ്റാഫ് നഴ്സായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍നിന്ന് 19,500 രൂപ വീതം സര്‍വീസ് ചാര്‍ജായി ഈടാക്കാമെന്നാണു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഉതുപ്പിന്റെ സ്ഥാപനം 19.5 ലക്ഷം രൂപ വീതമാണു വാങ്ങിയത്. കരാര്‍ തുകയുടെ നൂറുമടങ്ങ് തുക കമ്മീഷനായി കൈപ്പറ്റിയ നടപടി പകല്‍ക്കൊള്ളയാണ്. ഇതിനു പുറമെ വീസ സ്റാമ്പിംഗ്, ഡോക്യുമെന്റേഷന്‍ ചാര്‍ജ് തുടങ്ങിയ ഇനങ്ങളിലും തുക ഈടാക്കി. ഇത്രയും പണം നല്‍കാന്‍ കഴിവില്ലാത്തവരില്‍നിന്ന് ഈ തുക വായ്പയായി നല്‍കിയെന്നു രേഖയുണ്ടാക്കി തുകയെഴുതാത്ത ചെക്കും മുദ്രക്കടലാസും ഒപ്പിട്ടുവാങ്ങി. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്നു കുവൈറ്റിലേക്കു കടന്ന ഉതുപ്പ് വര്‍ഗീസ് ഇങ്ങനെ റിക്രൂട്ട് ചെയ്ത നഴ്സുമാരില്‍നിന്നു കിട്ടാനുള്ള തുക ഇപ്പോഴും പിരിച്ചെടുക്കുന്നുണ്െടന്ന് അന്വേഷണ സംഘം പറയുന്നു.


കേസില്‍ പ്രതിയാകുമെന്ന് അറിഞ്ഞതോടെ ഉതുപ്പ് ഒളിവില്‍ പോയി. പ്രതിയെ പിടികൂടാനായി ലുക്കൌട്ട് നോട്ടീസ് ഇറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒളിവില്‍ കഴിയുമ്പോഴും കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും തനിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഉതുപ്പിനെ അറസ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും തട്ടിപ്പിന്റെ പൂര്‍ണവിവരം അറിയാന്‍ പ്രതിയെ കസ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്െടന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒന്‍പതു സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്

കൊച്ചി: കുവൈറ്റിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്ത സ്വകാര്യ ഏജന്‍സികള്‍ അനധികൃതമായി ലക്ഷങ്ങള്‍ തട്ടിയെടുത്തതു സംബന്ധിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം കൊച്ചിയിലും കോട്ടയത്തും മുംബൈയിലുമായി ഒമ്പത് റിക്രൂട്ട്മെന്റ് ഏജന്‍സി ഓഫീസുകളില്‍ റെയ്ഡ് നടത്തി. റിക്രൂട്ട്മെന്റ് തട്ടിപ്പില്‍ ഉള്‍പ്പെട്ടതായി കണ്െടത്തിയ മാത്യു ഇന്റര്‍നാഷണലിന്റെ ഓഫീസുകളിലും ഉടമ കെ.ജെ. മാത്യുവിന്റെ അമ്പലപ്പുഴയിലെയും മുംബൈയിലെയും വസതികളിലും പരിശോധന നടന്നു. ഇന്നലെ രാവിലെ മുതല്‍ ഒരേസമയം നടന്ന പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി സിബിഐ അധികൃതര്‍ അറിയിച്ചു. ഇവ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.

കൊച്ചിയിലെ അല്‍ സറാഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്സ് നടത്തിയ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസ് ലോറന്‍സ്, അല്‍ സറാഫ ഗ്രൂപ്പ് ഉടമ ഉതുപ്പ് വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസെടുത്ത സിബിഐ ഈ കേസിന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിക്രൂട്ട്മെന്റ് സംബന്ധിച്ച അന്വേഷണം കൂടുതല്‍ വ്യാപകമാക്കിയത്.

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ ഏഴു സ്ഥാപനങ്ങളിലും കൊച്ചിയിലെ തന്നെ ഒരു സ്ഥാപനത്തിന്റെ കോട്ടയത്തെ മെയിന്‍ ഓഫീസിലും മാത്യു ഇന്റര്‍നാഷണലിന്റെ മുംബൈ ഓഫീസിലുമാണു റെയ്ഡ് നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.