ചക്കകൊണ്ടു പത്തോളം വിഭവങ്ങള്‍, നാടുകാണിയില്‍ ഫാക്ടറി ഒരുങ്ങി
Thursday, May 14, 2015 12:37 AM IST
കണ്ണൂര്‍: ചക്ക കൊണ്ടുള്ള പത്തോളം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി നാടുകാണിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഒരുങ്ങി. ഹെബോണ്‍ എന്ന ഉത്പന്ന നാമത്തില്‍ ആര്‍ട്ടോ കാര്‍പ്പസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു ചക്ക വിഭവങ്ങള്‍ നിര്‍മിച്ചു വിപണിയിലെത്തിക്കുന്നത്. ഫാക്ടറിയുടെ ഉദ്ഘാടനം 16 ന് രാവിലെ 11 ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കുമെന്നു ചുഴലി സ്വദേശിയായ കമ്പനി എംഡി സുഭാഷ് കോറോത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചക്കജ്യൂസ്, ചക്കവരട്ടി, ചക്കഹല്‍വ, ചക്കക്കുരു പ്രോട്ടീന്‍ മിക്സ്, ചക്കക്കുരു ചിക്കന്‍ മസാല-ഫിഷ് മസാല, ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചക്കക്കുരു പൌഡര്‍, ചക്കക്കുരുകൊണ്ട് ഉണ്ടാക്കിയ കേക്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങളാണു കമ്പനി ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇന്ത്യയിലാദ്യമായാണു ചക്കയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. മറ്റു ജില്ലകളിലും ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്.


ആഭ്യന്തരവിപണിക്കു പുറമേ വിദേശവിപണിയും ലക്ഷ്യമിട്ടാണു ചക്ക വിഭവങ്ങള്‍ നിര്‍മിക്കുന്നത്. പ്രതിദിനം 300 ചക്ക സംസ്കരിക്കുന്നതിനുള്ള ശേഷിയാണു ഫാക്ടറിക്കുള്ളത്. കമ്പനിയിലെത്തിച്ചു കൊടുക്കുന്ന ചക്കയ്ക്കു കിലോഗ്രാമിന് അഞ്ചു രൂപ വീതം വില നല്‍കും. 10 കിലോഗ്രാം തൂക്കം വരുന്ന ചക്കയ്ക്ക് 50 രൂപ ലഭിക്കും. മൂത്തതും പഴുത്തതുമായ ചക്കകളാണു സംഭരിക്കുക. രണ്ടായിരത്തോളം ചക്കകള്‍ നിലവില്‍ സംഭരിച്ചു കഴിഞ്ഞു. ചക്ക സീസണ്‍ കഴിയും മുമ്പേ പരമാവധി ചക്ക സംഭരിച്ചു പള്‍പ്പും മറ്റുമാക്കി വര്‍ഷം മുഴുവന്‍ ഉത്പാദനം നടത്താനാണു നീക്കം.

മനുഷ്യശരീരത്തിന് അനുയോജ്യമല്ലാത്ത ഗ്ളൂട്ടണ്‍ എന്ന പദാര്‍ഥം ചേരാത്ത പ്രകൃതിദത്ത പഴവര്‍ഗമാണു ചക്ക. പ്രമേഹ രോഗികള്‍ക്കും രക്തസമ്മര്‍ദമുള്ളവര്‍ക്കും വിഷാംശം ചേരാത്ത ചക്ക ഉത്പന്നങ്ങള്‍ ഗുണപ്രദമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നു കമ്പനി എംഡി സുഭാഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ രമ്യാമോള്‍, പ്രമോദ് കുമാര്‍, സുമിത്ലാല്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.