അര്‍ജുനും മാഗിയും ഡോഗ് സ്ക്വാഡിലേക്ക്
അര്‍ജുനും മാഗിയും ഡോഗ് സ്ക്വാഡിലേക്ക്
Thursday, May 21, 2015 11:36 PM IST
ഈരാറ്റുപേട്ട: ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിലേക്കു തെരഞ്ഞെടുക്കപ്പെട്ട മൂന്നു മാസം പ്രായമുള്ള നായക്കുട്ടികളായ അര്‍ജുനും മാഗിയും പൂഞ്ഞാറില്‍ നിന്നു ചെറുതോണിയിലെ ക്യാമ്പിലേക്കു യാത്ര തിരിച്ചു.

ബുധനാഴ്ച പൂഞ്ഞാര്‍ അടിവാരം വരാച്ചേരില്‍ ജോര്‍ജ് ജോസഫില്‍നിന്നും ഇടുക്കി ഡോഗ് സ്ക്വാഡ് ഇന്‍ ചാന്‍ജ് ചാക്കോ ഫ്രാന്‍സിസ്, സിപിഒമാരായ എം. അജിത്, ടോണി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നായക്കുട്ടികളെ ഏറ്റുവാങ്ങി. ലാബ് ഇനത്തില്‍പ്പെട്ട ഇവര്‍ എത്തുന്നതോടെ ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡില്‍ എണ്ണം ആറായി ഉയരും.

ഫിസോ, ജെനി, സ്വീറ്റി, ടെസി എന്നിവരാണ് ഇപ്പോഴുള്ളത്. ഒരു മാസം ചെറുതോണിയിലെ ഡോഗ് സ്ക്വാഡ് ക്യാമ്പില്‍ താമസിപ്പിക്കുന്ന ഇവയെ പിന്നീട് തൃശൂരിലെ പരിശീലന ക്യാമ്പിലേക്ക് മാറ്റും. ഒരു നായയെ കൊലപാതകം, മോഷണം എന്നിവ കണ്െടത്തുന്നതിലും അടുത്തതിനെ സ്ഫോടക വസ്തു കണ്െടത്തുന്നതിലും പരിശീലനം നല്‍കും.


12 വര്‍ഷമായി നായക്കുട്ടികളെ വളര്‍ത്തി വില്‍പ്പന നടത്തുന്ന ജോര്‍ജ് ജോസഫ് ഇത് രണ്ടാം പ്രാവശ്യമാണ് പോലീസ് സേനയിലേക്ക് നായക്കുട്ടികളെ കൈമാറുന്നത്. ഇന്ത്യന്‍ ഡോഗ്ഷോ യില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ജോര്‍ജ് ജോസഫിനെക്കുറിച്ച് വെബ് സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണ് പോലീസ് ബന്ധപ്പെട്ടത്.

കോട്ടയത്തും എറണാകുളത്തും തൊടുപുഴയിലും ഓറഞ്ച് കെന്നല്‍സ് എന്ന സ്ഥാപനം നടത്തുന്ന ജോര്‍ജ് ജോസഫില്‍ നിന്ന് 19000 രൂപ വീതം നല്‍കിയാണ് നായക്കുട്ടികളെ ഇടുക്കി പോലീസ് ഏറ്റെടുത്തത്.

ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് നായക്കുട്ടികളെ പോലീസ് സേനയിലേക്ക് എടുത്തതെന്നു ജോര്‍ജ് ജോസഫ് പറഞ്ഞു. ഏറ്റവും ബുദ്ധിയും ധൈര്യവുമുള്ള ഇനമാണ് ലാബെന്നും ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.