ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയെ നടുറോഡില്‍ മുഖംമൂടി സംഘം ആക്രമിച്ചു
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയെ നടുറോഡില്‍ മുഖംമൂടി സംഘം ആക്രമിച്ചു
Friday, May 22, 2015 12:05 AM IST
പത്തനംതിട്ട: പ്ളസ്ടു പരീക്ഷാഫലം അറിഞ്ഞശേഷം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനിയെ ബൈക്കില്‍ എത്തിയ മുഖം മൂടി സംഘം ആക്രമിച്ചു. പത്തനംതിട്ട മാക്കാംകുന്ന് കിഴക്കേചരിവുകാലായില്‍ പ്രസാദ്- ഷീജ ദമ്പതികളുടെ മകളും ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിദ്യാര്‍ഥിനിയുമായിരുന്ന അഞ്ജന പ്രസാദിനാണ് (16) ആക്രമണത്തില്‍ പരിക്കേറ്റത്.

പെണ്‍കുട്ടിയുടെ മാതൃഗൃഹത്തിനു സമീപമുള്ള വസ്തു ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന സംശയത്തിലാണ് പോലീസ്. കുട്ടിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കലഞ്ഞൂര്‍ പാടം സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നു പത്തനംതിട്ട കോളജ് ജംഗ്ഷനു സമീപമായിരുന്നു സംഭവം. കോളജ് ജംഗ്ഷനിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലാണ് അഞ്ജന പരീക്ഷാ ഫലം അറിയാന്‍ പോയത്. വിജയിച്ച സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തുവച്ചു പിന്നില്‍ നിന്നു ബൈക്കില്‍ എത്തിയ മുഖംമൂടിധാരികളായ രണ്ടംഗസംഘം അഞ്ജനയെ അടിച്ചുവീഴുത്തുകയായിരുന്നു. തറയില്‍ വീണ അഞ്ജനയെ കല്ല് ഉപയോഗിച്ചു തലയില്‍ ഇടിക്കുകയും ശരീരമാസകലം ബ്ളേഡ് ഉപയോഗിച്ചു വരഞ്ഞ് പരിക്കേല്പിക്കുകയും ചെയ്തതായി പറയുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീണ്ടും ക്രൂരമായി മര്‍ദിച്ചു.


നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശരീരമാസകലം സാരമായി പരിക്കേറ്റ അഞ്ജന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം പത്തനാപുരം പാടത്തുള്ള ഭാര്യ ഷീജയുടെ വസ്തുവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്െടന്നും ഇതിന്റെ തുടര്‍ച്ചയാകാം ആക്രമണത്തില്‍ കലാശിച്ചതെന്നും പ്രസാദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.