യൂത്ത് കോണ്‍ഗ്രസ് സമ്മേളത്തിന് ഇന്നു കോഴിക്കോട്ടു തുടക്കം
Friday, May 22, 2015 12:16 AM IST
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഇന്നു കോഴിക്കോട്ടു തുടക്കമാകും. സമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 വരെ നടക്കുന്ന സമ്മേളനം മതേതര ഭാരതത്തിന് യുവ മുന്നേറ്റം എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷമാണു യൂത്ത് കോണ്‍ഗ്രസ് സമ്മേളനം നടക്കുന്നത്.

തിരുവനന്തപുരത്തുനിന്നു തുടങ്ങുന്ന ഛായാചിത്രജാഥയും വൈക്കത്തുനിന്നുള്ള പതാകജാഥയും കാസര്‍ഗോഡ് നിന്നുള്ള കൊടിമരജാഥയും പാലക്കാട് നെന്‍മാറയില്‍ നിന്നുള്ള ദീപശിഖാപ്രയാണവും 24ന് വൈകുന്നേരം അഞ്ചിനു കോഴിക്കോട് കടപ്പുറത്തു സംഗമിക്കുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. ഇന്നു രാവിലെ 10ന് മാനാഞ്ചിറ പരിസരത്ത് വര്‍ഗീയതക്കെതിരേ 'അവന്ത്ഗാര്‍ഡ്' എന്ന പേരില്‍ പൊതുചിത്രരചന നടത്തും. മന്ത്രി ഡോ.എം.കെ. മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നാളെ മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ 'സ്വാതന്ത്യ്രസമര ചരിത്രവും കോണ്‍ഗ്രസ് ചരിത്രവും' ആലേഖനം ചെയ്യുന്ന ചിത്രപ്രദര്‍ശനം അരങ്ങേറും.

24ന് രാവിലെ 11ന് കെ.പി. കേശവമേനോന്‍ ഹാളില്‍ സാംസ്കാരിക സമ്മേളനം ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനംചെയ്യും. കല്പറ്റ നാരായണന്‍, വി.ആര്‍. സുധീഷ്, ജോയ് മാത്യു, യു.കെ. കുമാരന്‍, കെ.പി. സുധീര തുടങ്ങിയവര്‍ പങ്കെടുക്കും. 25നു വൈകിട്ട് നാലിന് 'യുവരാഷ്ട്രീയത്തിന്റെ പുത്തന്‍ മാനങ്ങള്‍' എന്ന വിഷയത്തില്‍ ടൌണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി. രാജേഷ് എംപി, കെ.എം. ഷാജി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. 26ന് കോഴിക്കോട് കടപ്പുറത്തു റാലിയും പൊതുസമ്മേളനവുമുണ്ടാകും. വൈകുന്നേരം നാലിനു കടപ്പുറത്തു ചേരുന്ന പൊതുസമ്മേളനം എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ ബ്രാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


27 ന് രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ ബ്രാര്‍ ഉദ്ഘാടനം ചെയ്യും. 750 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.