എടത്വ സെന്റ് അലോഷ്യസ് കോളജിനു നാക് അക്രഡിറ്റേഷന്‍ എ ഗ്രേഡ്
Friday, May 22, 2015 12:20 AM IST
എടത്വ: ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളോട് അഫിലിയേറ്റു ചെയ്തു പ്രവര്‍ത്തിക്കുന്ന കോളജുകളുടെ അക്കാദമിക നിലവാരവും അടിസ്ഥാന സൌകര്യങ്ങളും വിലയിരുത്തുന്ന നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൌണ്‍സിലിന്റെ മൂന്നാംവട്ട വിലയിരുത്തലില്‍ എടത്വാ സെന്റ് അലോഷ്യസ് കോളജിന് എ ഗ്രേഡ്. സെന്റര്‍ ഫോര്‍ പൊട്ടന്‍ഷ്യല്‍ എക്സലന്‍സ്, ഓട്ടോണമസ് പദവി എന്നിവയ്ക്കുള്ള അടിസ്ഥാന യോഗ്യതകൂടിയാണ് എ ഗ്രേഡ്. ഈ വര്‍ഷം ഫെബ്രുവരി 26, 27, 28 തീയതികളില്‍ ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രജീന്ദ്രര്‍സിംഗ് ബാവ (ചെയര്‍മാന്‍) നോര്‍ത്ത് ഈസ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റി റിട്ട. ഡീന്‍. പ്രഫ. സി.എസ്. ശാസ്ത്രി, ഹൈദരാബാദ് ലയോള കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. എ. ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധസംഘമാണു സന്ദര്‍ശനം നടത്തിയത്. രണ്ടായിരത്തില്‍ നാക് അക്രഡിറ്റേഷനില്‍ ത്രീസ്റാര്‍ പദവിയും 2007 ല്‍ ബി പ്ളസും നേടിയ കോളജ്, ഭൌതിക സൌകര്യങ്ങളുടെ വികസനത്തിലും അക്കാദമിക മികവിലും വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയത്.


ഒമ്പത് യുജി പ്രോഗ്രാമുകള്‍, അഞ്ച് പിജി പ്രോഗ്രാമുകള്‍, ഇതര ഗവേഷണ സൌകര്യങ്ങള്‍, കുട്ടനാട് പൈതൃക സംരക്ഷണ കേന്ദ്രം, വാനനിരീഷണ കേന്ദ്രം, അലോഷ്യന്‍ സ്റഡി സെന്റര്‍, വിമന്‍സ് ഹോസ്റല്‍, ഹെര്‍ബേറിയം, വിശാലമായ സ്പോര്‍ട്സ് സൌകര്യങ്ങള്‍, സ്മാര്‍ട്ട് റൂമുകള്‍, കൃഷിത്തോട്ടങ്ങള്‍, പൂന്തോട്ടങ്ങള്‍, പേറ്റന്റ് അടക്കമുള്ള ഗവേഷണമികവുള്ള അധ്യാപകര്‍ തുടങ്ങിയവ സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന ഈ കോളജിന്റെ പ്രത്യേകതകളാണ്. മാനേജര്‍ ഫാ. ജോണ്‍ മണക്കുന്നേല്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.സി. അനിയന്‍കുഞ്ഞ്, ബര്‍സാര്‍ ഫാ. തോമസ് കാഞ്ഞിരവേലില്‍ എന്നിവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ക്യാപ്റ്റന്‍ സജീവ് ജോസഫ് നാക് കോ-ഓര്‍ഡിനേറ്ററായും ഡോ. ജി. ഇന്ദുലാല്‍ ഐക്യു എസി കണ്‍വീനറായും ഡോ. ജോച്ചന്‍ ജോസഫ് കോളജിലെ യുജിസി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.