ഹയര്‍സെക്കന്‍ഡറിയില്‍ 83.96 ശതമാനം വിജയം
Friday, May 22, 2015 11:52 PM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് 83.96 ശതമാനം വിജയം. പരീക്ഷയെഴുതിയ 3,43,459 വിദ്യാര്‍ഥികളില്‍ 2,88,362 പേര്‍ ഉപരിപഠനത്തിനു അര്‍ഹരായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.57 ശതമാനം കൂടുതല്‍. പിആര്‍ ചേംബറില്‍ മന്ത്രി പി.കെ.അബ്ദുറ ബ്ബാണു ഫലപ്രഖ്യാപനം നട ത്തിയത്. 151 വിദ്യാര്‍ഥികള്‍ 1,200ല്‍ 1,200 സ്കോറും കരസ്ഥമാക്കി. ഇതില്‍ ഒരു വിദ്യാര്‍ഥി ഗ്രേസ് മാര്‍ക്കില്ലാതെയാണ് 1,200 സ്കോര്‍ സ്വന്തമാക്കിയത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പാര്‍ട്ട് ഒന്ന്, രണ്ട് മൂന്ന് എന്നിവ ചേര്‍ത്ത് 80.54 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.79 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാ യത്. ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയതില്‍ 87.05 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ കോഴിക്കോട് ജില്ല യാണു വിജയശതമാനത്തില്‍ മുന്നില്‍. 76.17 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ച പത്തനംതിട്ട ഏറ്റവും പിന്നിലും.

10,839 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ളസ് സ്വന്തമാക്കി. ആണ്‍കുട്ടികളുടെ ഇരട്ടിയാണ് ഇക്കുറി എ പ്ളസ് ഗ്രേഡ് സ്വന്തമാക്കിയ പെണ്‍കുട്ടികളുടെ എണ്ണം. 7,766 പെണ്‍കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയപ്പോള്‍ 3,073 ആണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്. സയന്‍സില്‍ 8,902 വിദ്യാര്‍ഥികള്‍ക്കും ഹ്യൂമാനിറ്റീസില്‍ 332 വിദ്യാര്‍ഥികള്‍ക്കും കൊമേഴ്സില്‍ 1,605 വിദ്യാര്‍ഥികള്‍ക്കുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്. 1,248 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് സ്വന്തമാക്കിയ തിരുവനന്തപുരമാണു ജില്ലാതലത്തില്‍ മുന്നില്‍.

സ്കൂള്‍ തലത്തില്‍ 120 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസാ ണു മുന്നില്‍. 762 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ചതും (94.89 ശതമാനം) പട്ടം സെന്റ് മേരീസാണ്. 30,389 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിനു മുകളിലോ കര സ്ഥമാക്കിയപ്പോള്‍ 45,343 വിദ്യാര്‍ഥികള്‍ ബി പ്ളസ് ഗ്രേഡ് നേടി. 75,397 പേര്‍ക്ക് സി പ്ളസ് ഗ്രേഡും 62,750 പേര്‍ക്ക് സി ഗ്രേഡും 1,695 പേര്‍ക്ക് ഡി പ്ളസ് ഗ്രേഡും 54,516 പേര്‍ക്ക് ഡി ഗ്രേഡും 489 പേര്‍ക്ക് ഇ ഗ്രേഡും ലഭിച്ചു. 59 സ്കൂളുകള്‍ നൂറുമേനി വിജയം സ്വന്തമാക്കി. ഇതില്‍ 33 അണ്‍ എയ്ഡഡ് സ്കൂളുകളും 10 എയ്ഡഡ് സ്കൂളുകളും ഒന്‍പത് സര്‍ക്കാര്‍ സ്കൂളുകളും ഏഴു സ്പെഷല്‍ സ്കൂളുകളും ഉള്‍പ്പെടുന്നു. 23 സ്കൂളുകള്‍ക്ക് 30 ശതമാനത്തില്‍ താഴെ വിജയം നേടാനേ സാധിച്ചുള്ളു.


റെഗുലര്‍ വിഭാഗത്തില്‍ പഠിച്ചു വിജയിച്ചവരില്‍ 1,63,908 പെണ്‍കുട്ടികളും 1,24,454 ആണ്‍കുട്ടികളുമുള്‍പ്പെടുന്നു. സയന്‍സ്- 1,49,597 ഹ്യൂമാനിറ്റീസ്- 54,959 കൊമേഴ്സ്- 83,806 എന്നിങ്ങനെയാണ് ഉപരിപഠനത്തിനു അര്‍ഹരായവര്‍. പട്ടികജാതി വിഭാഗത്തില്‍ 24,318 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായപ്പോള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ 2,909 പേരും ഒഇസി വിഭാഗത്തില്‍ 8,384 പേരും ഒബിസി വിഭാഗത്തില്‍ 1,75,167 വിദ്യാര്‍ഥികളുമാണ് യോഗ്യത നേടിയത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണയം നടത്തിയാണു സ്കോര്‍ കണക്കാക്കിയത്. 53 കേന്ദ്രങ്ങളിലായി ഇരുപതിനായിര ത്തോ ളം അധ്യാപകര്‍ ചേര്‍ന്നാണ് മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.