ദേശീയ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്നു സുരേഷ് ഗോപി
ദേശീയ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്നു സുരേഷ് ഗോപി
Friday, May 22, 2015 11:58 PM IST
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി ദേശീയ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍(എന്‍എഫ്ഡിസി) ചെയര്‍മാനാകും. ഇതു സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നു കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി സുരേഷ് ഗോപി ദീപികയോടു പറഞ്ഞു. രണ്ടു ദിവസം മുന്‍പ് ഇക്കാര്യം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് എന്നിവരുമായി ഡല്‍ഹിയില്‍ സംസാരിച്ചിരുന്നു. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം സമ്മതം അറിയിച്ചു.

മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരമായി ഇതിനെ കാണുന്നു. നിയമനം ലഭിച്ചാല്‍ മലയാള സിനിമയുടേയും ദേശിയ സിനിമയുടേയും പുരോഗതിക്കും വികസനത്തിനുമായി തന്നെക്കൊണ്ടു ചെയ്യാവുന്നതെല്ലാം ചെയ്യും. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാകുമെന്നതു വലിയ അഭിമാനമായി കാണുന്നു. നിയമന ഉത്തരവ് ലഭിച്ചതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രിക്കു തുല്യമായ സ്ഥാനമാണിത്.


രാജ്യത്തേക്കു വിദേശചിത്രങ്ങള്‍ സ്ക്രീന്‍ ചെയ്തു കൊണ്ടുവരുന്നതും ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നതും എന്‍എഫ്ഡിസിയാണ്. ദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതും ഈ സ്ഥാപനം തന്നെ. ഇതുവരെ 300ലേറെ ചിത്രങ്ങള്‍ നിര്‍മിക്കുകയോ സാമ്പത്തിക സഹായം നല്‍കുകയോ ചെയ്തിട്ടുണ്ട്.

സുരേഷ് ഗോപിക്കു കളിയാട്ടത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണു സുരേഷ് ഗോപിക്കുള്ളത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിനു ലഭിക്കുന്ന രണ്ടാമത്തെ ഉന്നത പദവിയാണിത്. നേരത്തെ ഇ.ശ്രീധരനെ ദേശീയ റെയില്‍വേ ഉപദേശകസമിതിയില്‍ നിയമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.