മുഖപ്രസംഗം: കര്‍ഷകരുടെ രക്ഷയ്ക്ക് ഈ നഷ്ടപരിഹാരം മതിയാവില്ല
Saturday, May 23, 2015 10:46 PM IST
പ്രകൃതിക്ഷോഭത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്കും അതില്‍ മരണം സംഭവിക്കുന്നവരുടെ ബന്ധുക്കള്‍ക്കുമുള്ള നഷ്ടപരിഹാരത്തുകകളില്‍ വര്‍ധന വരുത്തിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തികച്ചും സ്വാഗതാര്‍ഹംതന്നെ. ഇടിമിന്നല്‍, കടല്‍ക്ഷോഭം എന്നിവ മൂലം മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം ലഭിക്കാനുണ്ടായിരുന്ന സാങ്കേതിക തടസവും നീക്കിയിട്ടുണ്ട്. കേരളത്തില്‍ പ്രകൃതിക്ഷോഭം മൂലമുള്ള വസ്തുനാശവും ആള്‍നാശവും എല്ലാ വര്‍ഷവും ഉണ്ടാകാറുള്ളതാണ്. പതിന്നാലാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തിനുള്ള വിഹിതം വര്‍ധിപ്പിക്കുകയും അതില്‍ പത്തു ശതമാനം സ്വതന്ത്ര ഫണ്ടായി ഉപയോഗിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തതുകൊണ്ടാണ് ഇപ്രകാരം നഷ്ടപരിഹാരത്തുക ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞത്.

ഇതോടൊപ്പം വിള നഷ്ടപരിഹാരത്തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ധന തികച്ചും അപര്യാപ്തമാണ്. നെല്‍ക്കൃഷിക്കുണ്ടാകുന്ന നാശത്തിന് ഹെക്ടറിനു 4500 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് പുതുക്കിയ തുക 6800 രൂപ മാത്രമാണ്. കോഴി, താറാവ് എന്നിവയ്ക്കു നഷ്ടപരിഹാരം ഓരോന്നിനും 50 രൂപയായി വര്‍ധിപ്പിച്ചെങ്കിലും പരമാവധി അയ്യായിരം രൂപയേ ലഭിക്കൂ. കാര്‍ഷിക കടാശ്വാസം പോലുള്ള പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്െടങ്കിലും അവ ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ല. അഞ്ചു ലക്ഷത്തോളം കര്‍ഷകരുടെ അപേക്ഷകള്‍ കടാശ്വാസ കമ്മീഷന്‍ പരിശോധിച്ചു തീരുമാനമെടുത്തിട്ടുണ്െടങ്കിലും വിവിധ ഓഫീസുകളില്‍ ഇവയുടെ തുടര്‍നടപടികള്‍ തടസപ്പെടുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ സ്ഥിതി ദയനീയമാണെങ്കിലും രാഷ്ട്രീയ സ്വാധീനവും ഭരണപരമായ ഇടപെടലുകളും കുറെ കര്‍ഷകരെയെങ്കിലും സഹായിക്കുന്നുണ്ട്. അടുത്തകാലത്തു മഹാരാഷ്ട്രയിലെ കരിമ്പുകര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ചില രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ സഹായകമായി. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ കാര്‍ഷികവിളകളുടെയും വാണിജ്യവിളകളുടെയും കാര്യത്തില്‍ ഇത്തരം സമ്മര്‍ദങ്ങളൊന്നും ഫലപ്രദമാവുന്നില്ല. ഇതിനു പ്രത്യക്ഷമായ ഉദാഹരണം റബര്‍ തന്നെ.

റബര്‍ മേഖലയിലെ വന്‍തകര്‍ച്ചയ്ക്കു പിന്നിലുള്ളതു കര്‍ഷകവിരുദ്ധമായ നയങ്ങളാണെന്നതിനു സംശയമില്ല. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടാകുന്നില്ല. അതിസമ്പന്നമായ ടയര്‍ ലോബിയും വ്യവസായ ലോബിയും ഇറക്കുമതിനയം തങ്ങളുടെ ഇംഗിതത്തിനനുസരിച്ചാക്കുന്നതില്‍ വിജയിക്കുന്നു. ആഭ്യന്തര ഉത്പാദനത്തിലെ കുറവിനെക്കാള്‍ വളരെ കൂടുതലാണു റബര്‍ ഇറക്കുമതിയെന്നു വാണിജ്യമന്ത്രി പാര്‍ലമെന്റില്‍ നിരത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ടയര്‍ ലോബിക്ക് തങ്ങളുടെ വ്യവസായം നിലനില്‍ക്കണമെങ്കില്‍ റബര്‍ കൃഷി തകരരുതെന്ന ചിന്തയില്ല. ഇറക്കുമതി നയങ്ങളെ സ്വാധീനിച്ച് എക്കാലവും റബര്‍ യഥേഷ്ടം ലഭ്യമാക്കാം എന്നതാവും അവരുടെ ആലോചന. എന്നാല്‍, ആഭ്യന്തര വിപണി തകര്‍ന്നാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ എത്ര ഭാരിച്ച വിലകൊടുത്തും അസംസ്കൃതവസ്തു വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന കാര്യം വ്യവസായികള്‍ വിസ്മരിക്കരുത്.


കാര്‍ഷികമേഖലയില്‍ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ മാത്രം ഇടപെടുകയും, പ്രകൃതിക്ഷോഭം മൂലമോ മറ്റു കാരണങ്ങളാലോ വിളനാശം ഉണ്ടാവുമ്പോള്‍ നിലവിലുള്ള മാനദണ്ഡമനുസരിച്ചു നാമമാത്രമായ നഷ്ടപരിഹാരം നല്‍കി ചുമതല നിര്‍വഹിച്ചുവെന്നു വരുത്തുകയുമല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. കൃഷിയോടുള്ള താത്പര്യം ആളുകളില്‍ നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും കാര്‍ഷികവൃത്തി ലാഭകരമായ തൊഴിലാക്കി മാറ്റാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണു വേണ്ടത്.

നെല്ലും റബറുമൊക്കെ ധാരാളമായി കൃഷി ചെയ്തുപോന്ന കേരളത്തില്‍ ഇന്ന് ഈ രണ്ടു മേഖലകളും തകര്‍ന്നിരിക്കുകയാണ്. റബര്‍ മേഖല കടുത്ത ദുരിതത്തിലാണെന്നു കര്‍ഷകരുടെ ശത്രുക്കള്‍പോലും സമ്മതിക്കും. അനേകം പേര്‍ ടാപ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നു. കൃഷിപരിപാലനത്തിനുള്ള വരുമാനംപോലും ലഭ്യമാകാതെ വന്നാല്‍ എങ്ങനെയാണു മുന്നോട്ടു പോവുക? ആ ദാരുണ സ്ഥിതിയിലാണു റബര്‍ കര്‍ഷകര്‍. എന്നാല്‍, റബര്‍ ഉത്പന്നങ്ങള്‍ക്കാകട്ടെ ആവശ്യക്കാരേറുന്നു; വിലയും വര്‍ധിക്കുന്നു. അസംസ്കൃത വസ്തുവിന്റെ വിലയിടിവു ടയര്‍ വിലയില്‍ കാണാനില്ല. എന്നുമാത്രമല്ല, ടയറിനു ക്രമമായി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. കൊള്ളലാഭമുണ്ടാക്കുന്ന വ്യവസായികള്‍ കര്‍ഷകരോട് ചെറിയൊരു ദാക്ഷിണ്യംപോലും കാട്ടുന്നില്ല. ഭരണാധികാരികളാകട്ടെ, ഓരോ കാലത്തും പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ കബളിപ്പിക്കുന്നു.

ഇത്തരം കബളിപ്പിക്കലുകളെ ചെറുക്കാന്‍ അടുത്തകാലത്തു കര്‍ഷകക്കൂട്ടായ്മകള്‍ സജീവമായിട്ടുണ്ട്. തങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാരെയും വ്യവസായികളെയും തിരിച്ചറിഞ്ഞു ജനകീയ മുന്നേറ്റത്തിലൂടെത്തന്നെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. വിളനാശം, പ്രകൃതിക്ഷോഭം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസഹായം പരമാവധി കൈപ്പറ്റി കര്‍ഷകരിലെത്തിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം അര്‍ഹമായ മേഖലകളില്‍ കൂടുതലായി വിതരണം ചെയ്യാനും കാര്യക്ഷമമായ നടപടികളെടുക്കണം.

വിലസ്ഥിരതാ ഫണ്ടുപോലെയുള്ള സഹായപദ്ധതികള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല. റബര്‍, തേയില, കാപ്പി തുടങ്ങിയ നാണ്യവിളകള്‍ക്കു വേണ്ടിയുള്ള വിലസ്ഥിരതാ ഫണ്ടില്‍ ഇപ്പോഴും ആയിരം കോടി രൂപയിലേറെ കിടപ്പുണ്ട്. ഇതില്‍ പകുതിയില്‍ കൂടുതലും കര്‍ഷകരില്‍നിന്നു പിരിച്ചെടുത്തതാണ്. ഇതില്‍ വെറും ഒന്നരക്കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നു കേന്ദ്രസര്‍ക്കാര്‍ ഈയിടെ പാര്‍ലമെന്റിനെ അറിയിച്ചു. കര്‍ഷകരക്ഷയെക്കുറിച്ചു നിരന്തരം പറയുന്നവരും അവര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നവരും ഇതൊന്നും അറിയുന്നില്ലേ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.