മാവോയിസ്റ് ആകുന്നതു ക്രിമിനല്‍ കുറ്റമല്ലെന്നു ഹൈക്കോടതി
മാവോയിസ്റ് ആകുന്നതു ക്രിമിനല്‍ കുറ്റമല്ലെന്നു ഹൈക്കോടതി
Saturday, May 23, 2015 10:54 PM IST
കൊച്ചി: മാവോയിസ്റ് ആകുന്നതു ക്രിമിനല്‍ കുറ്റമല്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിനു തെളിവില്ലാതെ ഒരാളെ മാവോയിസ്റാണെന്ന കാരണത്താല്‍ മാത്രം തടവിലാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി. മാവോയിസ്റാണെന്നു സംശയിച്ചു പോലീസ് പിടികൂടി ചോദ്യംചെയ്തശേഷം വിട്ടയച്ച സംഭവത്തില്‍ നടപടി തേടി വയനാട് വെള്ളമുണ്ട സ്വദേശി ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ശ്യാമിനെ പോലീസ് അനാവശ്യമായി പിടികൂടി ചോദ്യം ചെയ്തെന്ന പരാതി ന്യായമാണെന്നു കണ്െടത്തിയ സിംഗിള്‍ ബെഞ്ച് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതിച്ചെലവ് ആയി 10,000 രൂപയും സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.

നമ്മുടെ ഭരണഘടനയും നിയമസംവിധാനവുമായി മാവോയിസ്റ് തത്ത്വശാസ്ത്രങ്ങള്‍ ചേര്‍ന്നുപോകുന്നില്ലെങ്കില്‍ പോലും ഒരാള്‍ മാവോയിസ്റാകുന്നതു കുറ്റകരമല്ല. മാനുഷികാഭിലാഷങ്ങള്‍ക്കൊത്തു ചിന്തിക്കുകയെന്നത് അടിസ്ഥാന മനുഷ്യാവകാശമാണ്. രാജ്യത്തു നിലനില്‍ക്കുന്ന നിയമവ്യവസ്ഥയ്ക്ക് എതിരാകുന്നില്ലെങ്കില്‍ സ്വന്തം മനഃസാക്ഷിയെയും ചിന്തിക്കാനുള്ള സ്വാതന്ത്യ്രത്തെയും ഒരാളും അടിയറവയ്ക്കേണ്ടതില്ല. മാവോയിസ്റ് വേട്ടയുടെ പേരില്‍ വ്യക്തിസ്വാതന്ത്യ്രം ഹനിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാവോയിസ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെങ്കില്‍ പോലീസിന് ഇടപെടാം. വ്യക്തിയോ സംഘടനയോ അതിക്രമത്തിനു മുതിര്‍ന്നാല്‍ അധികാരികള്‍ക്കു തടയാം.

ശ്യാമിനെതിരേ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നത് ഉചിതമായി തോന്നുന്നില്ല. കുറ്റക്കാരെയും അക്രമികളെയും കണ്െടത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഇല്ലാത്തതു മൂലമുള്ള വീഴ്ചയ്ക്ക് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു ഹര്‍ജിക്കാരനു പോലീസ് കംപ്ളെയ്ന്റ് അഥോറിറ്റിയെ സമീപിക്കാം -കോടതി വ്യക്തമാക്കി.


കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ ജസ്റീസ് കെ. ബാലകൃഷ്ണന്‍ നായരുടെ മകനാണു ശ്യാം ബാലകൃഷ്ണന്‍. ശ്യാമിനെ 2014 മേയ് 20ന് വൈകിട്ടു നാലരയോടെ വെള്ളമുണ്ട പോലീസ് സ്റേഷന്‍ പരിധിയില്‍നിന്നു പോലീസ് പിടികൂടി ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മാവോയിസ്റ് വേട്ടയ്ക്കു വേണ്ടി പ്രത്യേകം രൂപംനല്‍കിയ തണ്ടര്‍ ബോള്‍ട്ട് വിഭാഗമാണു ശ്യാമിനെ പിടികൂടിയത്.

അന്നുതന്നെ ശ്യാമിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി ലാപ്ടോപ്പും മൊബൈലുമൊക്കെ പിടിച്ചെടുത്തു. പിറ്റേദിവസം പുലര്‍ച്ചെയോടെയാണു റെയ്ഡ് അവസാനിച്ചത്. പോലീസ് ജീപ്പില്‍ സ്റേഷനില്‍ കൊണ്ടുവന്ന തന്നെ വസ്ത്രമുരിഞ്ഞു പരിശോധിച്ചെന്നും പിന്നീടു താനാരാണെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ പോലീസ് വിട്ടയച്ചെന്നും ശ്യാം ബാലകൃഷ്ണന്റെ പരാതിയില്‍ പറയുന്നു.

നിയമപരമായ നടപടികളാണു പോലീസ് സ്വീകരിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. വെള്ളമുണ്ട പോലീസ് സ്റേഷന്‍ പരിധിയില്‍ ആന്റിനക്സല്‍ സ്ക്വാഡ് പരിശോധന നടത്തുമ്പോള്‍ ജനക്കൂട്ടം ബഹളമുണ്ടാക്കിയെന്നും ശ്യാമിനെ ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷിക്കാന്‍ ജീപ്പില്‍ പോലീസ് സ്റേഷനിലേക്കു കൊണ്ടുപോയെന്നുമാണു പോലീസ് വിശദീകരിച്ചത്.

എന്നാല്‍, വെള്ളമുണ്ട സ്റേഷനിലെ ജനറല്‍ ഡയറിയില്‍ (ജിഡി) മാവോയിസ്റാണെന്ന സംശയത്തില്‍ പിടികൂടിയെന്നു രേഖപ്പെടുത്തിയിട്ടുണ്െടന്നു കോടതി കണ്െടത്തി. ജനക്കൂട്ടത്തില്‍നിന്നു രക്ഷിക്കാന്‍ പിടിച്ചുകൊണ്ടുപോയ ആളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു. തുടര്‍ന്നാണു പോലീസിനെയും സര്‍ക്കാരിനെയും സിംഗിള്‍ ബെഞ്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.