മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അച്ഛന്‍ നെട്ടോട്ടമോടുന്നു
മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അച്ഛന്‍ നെട്ടോട്ടമോടുന്നു
Saturday, May 23, 2015 1:22 AM IST
കരുവഞ്ചാല്‍(കണ്ണൂര്‍): സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കു മൂകസാക്ഷിയാണ് കോട്ടയം കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശി വാഴപ്പനാടിയില്‍ ജോസഫ്.

പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥമൂലം മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനായി ആഴ്ചകളായി അലയുകയാണ് ഈ അച്ഛന്‍. ഉപരിപഠനത്തിനായി കാനഡയ്ക്കു പോകുന്ന മകള്‍ അമലയ്ക്കു പാസ്പോര്‍ട്ട് എടുക്കാനാണ് ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. ജോസഫിന്റെ ഭാര്യവീട് കരുവഞ്ചാലിനടുത്ത തടിക്കടവിലാണ്. 1994 ഒക്ടോബര്‍ അഞ്ചിനു കരുവഞ്ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രിയിലാണ് അമല ജനിച്ചത്. ആശുപത്രി അധികൃതര്‍ രേഖകള്‍ തൊട്ടടുത്ത തീയതിതന്നെ രജിസ്ട്രേഷനായി പഞ്ചായത്തില്‍ നല്‍കുകയും ചെയ്തു. മകളുടെ പാസ്പോര്‍ട്ട് ആവശ്യത്തിനായി 21 വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നല്‍കിയപ്പോള്‍ 1994ലെ ജനനത്തീയതി ഇനിയും പഞ്ചായത്ത് രജിസ്ററില്‍ ചേര്‍ത്തിട്ടില്ലെന്ന് അറിയാന്‍കഴിഞ്ഞു.

അന്നു ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മകളുടെ ഭാവിപഠനം എന്താകുമെന്ന ആശങ്കയുമായി പഞ്ചായത്ത് ഓഫീസിലെത്തിയ ജോസഫ് ദീപികയോടു സങ്കടം പങ്കുവച്ചു. പഞ്ചായത്തിലെ പഴയ രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് കണ്െടത്തി. ജനനവിവരം രജിസ്ററില്‍ ചേര്‍ക്കാത്തതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണു പഞ്ചായത്ത് അധികൃതര്‍. ഇനി തലശേരി ആര്‍ഡിഒയ്ക്കു അപേക്ഷ നല്‍കി ആര്‍ഡിഒയുടെ ഉത്തരവു വാങ്ങി പഞ്ചായത്ത് രജിസ്ററില്‍ ചേര്‍ക്കുംവരെ കാത്തിരിക്കണം.


മകളുടെ ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കോട്ടയത്തുനിന്നു നടുവില്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയ ജോസഫ്, മകളുടെ ഭാവി തടസപ്പെടുമെന്നുകണ്ടു വികാരാധീനനായി ജീവനക്കാരോടു സംസാരിച്ചു. ഇദ്ദേഹത്തിന്റെ സങ്കടം മനസിലാക്കിയ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മാത്യു, ആവശ്യമായ സഹായം ചെയ്തുകൊടുക്കാന്‍ സെക്രട്ടറി അടക്കമുള്ള ജീവനക്കാരോടു നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച വീഴ്ചമൂലം ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിനു പഞ്ചായത്ത്, ആര്‍ഡിഒ ഓഫീസ് അധികൃതര്‍ ഇടപെട്ട് ഉടന്‍ അര്‍ഹമായ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.