മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ക്കു സ്റൈപ്പന്‍ഡ്: ഹര്‍ജി തള്ളി
Saturday, May 23, 2015 1:39 AM IST
കൊച്ചി: മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ക്കു സ്റൈപ്പന്‍ഡ് നല്‍കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ നിര്‍ദേശത്തിനെതിരേ ക്രിസ്റ്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്മെന്റ്സ് ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളാണു ഫെഡറേഷനു കീഴിലുള്ളതെന്നും പിജി വിദ്യാര്‍ഥികള്‍ക്കു സ്റൈപ്പന്‍ഡ് നല്‍കണമെന്ന നിര്‍ദേശം ന്യൂനപക്ഷാവകാശ നിയമത്തിനു വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ദേശീയ താത്പര്യവും സര്‍ക്കാരിന്റെ ചട്ടങ്ങളും മറികടക്കാനുള്ളതല്ല ന്യൂനപക്ഷാവകാശമെന്നു ചൂണ്ടിക്കാട്ടിയ ജസ്റീസ് എ.വി. രാമകൃഷ്ണപിള്ള ഫെഡറേഷനു കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നല്‍കുന്ന അതേ നിരക്കല്‍ സ്റൈപ്പന്‍ഡ് നല്‍കാനുള്ള നിര്‍ദേശം ശരിവച്ചു. പ്രതിമാസം 33,000 രൂപയാണു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജിക്കാര്‍ക്കു സ്റൈപ്പന്‍ഡായി നല്‍കുന്നത്.


മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ ചികിത്സയുടെ അടിസ്ഥാന പാഠങ്ങള്‍ വശമാക്കിയവരാണ്. രോഗീപരിചരണം, എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കുള്ള പഠന പരിശീലനം എന്നിങ്ങനെ പിജി വിദ്യാര്‍ഥികളുടെ ജോലിഭാരം കൂടി കണക്കിലെടുത്താണ് അവര്‍ക്കു സ്റൈപെന്‍ഡ് നല്‍കാന്‍ നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന അതേ നിരക്കില്‍ സ്റൈപ്പന്‍ഡ് നല്‍കണമെന്നു നിര്‍ദേശിക്കുന്നതിലൂടെ ന്യൂനപക്ഷാവകാശം ലംഘിക്കുന്നില്ല. സ്റൈപ്പന്‍ഡ് നല്‍കുന്ന കാര്യത്തില്‍ സ്ഥാപനത്തിന്റെ പദവിക്കു പ്രസക്തിയില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.