ദീപക്കിന്റെ സ്മരണയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പുമായി സഹഡോക്ടര്‍മാര്‍
ദീപക്കിന്റെ സ്മരണയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പുമായി സഹഡോക്ടര്‍മാര്‍
Sunday, May 24, 2015 11:40 PM IST
സ്വന്തം ലേഖകന്‍

ഇരിട്ടി: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച കേളകത്തെ ഡോ. ദീപക് തോമസിന്റെ സ്മരണക്കായി സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരുടെ കൂട്ടായ്മ സൌജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമാണ് ഇതിനായി ദീപക്കിന്റെ സുഹൃത്തുക്കള്‍ തെരഞ്ഞെടുത്തത്. ജൂണ്‍ നാലിനു ദീപക്കിന്റെ 41-ാം ചരമ ദിനാചരണ അനുസ്മരണത്തോടനുബന്ധിച്ചാണു മാതൃകാപരമായ പരിപാടി നടത്തുന്നത്. ദീപക് തോമസിന്റെ ബാച്ചില്‍ പഠിച്ചതും മറ്റു സുഹൃത്തുക്കളുമായ നൂറ്റമ്പതിലധികം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും.

സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ ദീപക് തോമസിന്റെ പിതാവ് തോമസിനെ കണ്ട് ആദ്യം ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തെക്കുറിച്ചു വിശദീകരിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ പൂര്‍ണപിന്തുണ നല്‍കി. തുടര്‍ന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. തോമസ്, ഫാം പഞ്ചായത്ത് അംഗം റൈഹാനത്ത് സുബി എന്നിവരെ കൂട്ടി ജില്ലാ കളക്ടര്‍ പി. ബാലകിരണിനെ നേരില്‍ക്കണ്ടു കാര്യം വിശദീകരിച്ചു. കളക്ടര്‍ മെഡിക്കല്‍ ക്യാമ്പിനുള്ള അനുമതി നല്‍കിയതോടൊപ്പം പട്ടികജാതി വികസന വകുപ്പ്, ആരോഗ്യവകുപ്പ് തുടങ്ങിയ അനുബന്ധ വകുപ്പുകളോടു പദ്ധതിയുമായി സഹകരിക്കാനും നിര്‍ദേശിച്ചു.


അസി. കളക്ടര്‍ ഹരിത വി. കുമാറിനോടു പരിപാടിയുടെ മേല്‍നോട്ടം വഹിക്കാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍തന്നെ രോഗികള്‍ക്കാവശ്യമുള്ള മുഴുവന്‍ മരുന്നുകളും ക്യാമ്പില്‍ സൌജന്യമായി എത്തിച്ചു വിതരണം ചെയ്യും.

ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ശിശുരോഗ വിഭാഗം, സര്‍ജറി, പല്ല് രോഗം, കണ്ണ് രോഗം, ഗൈനക്കോളജി, സ്കിന്‍, എല്ലുരോഗ വിഭാഗം തുടങ്ങിയ മുഴുവന്‍ വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ വിവിധ ബ്ളോക്കുകളിലായി രോഗികളെ പരിശോധിക്കും. മാരക രോഗമുള്ളവരെ തുടര്‍ചികിത്സക്കായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവര്‍ പഠിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു തുടര്‍ചികിത്സ നടത്തും.

ശസ്ത്രക്രിയ വേണ്ടവര്‍ക്ക് അതും ചെയ്തുനല്‍കും. പനി, മഞ്ഞപ്പിത്തം, തിമിരം, മോണ രോഗം, ഹെപ്പറ്റൈറ്റിസ്-ബി, കുഷ്ഠരോഗം, ക്ഷയം, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടു നരകയാതന അനുഭവിക്കുന്ന ആദിവാസികള്‍ക്ക് അനുഗ്രഹമായിരിക്കും മെഡിക്കല്‍ ക്യാമ്പ്. മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗത്തെ തുടര്‍ന്നുണ്ടായ ദൂഷ്യവശങ്ങളെക്കുറിച്ചു ഡോക്ടര്‍മാര്‍ കൌമാരക്കാരായ കുട്ടികള്‍ക്കു ക്യാമ്പില്‍ ക്ളാസ് എടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.