കേരള പോലീസ് അസോ. സംസ്ഥാന സമ്മേളനം ഇന്നു മുതല്‍
Sunday, May 24, 2015 11:42 PM IST
തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍ 27 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിനിധി സമ്മേളനവും പൊതുസമ്മേളനവും ജൂണ്‍ ആറിനു നടക്കും. ഇന്നു രാവിലെ പത്തിന് മാര്‍ ഈവാനിയോസ് അങ്കണത്തിലെ അളകാപുരി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.സി. ജോസഫ് സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യും.

25നു രാവിലെ പത്തിന് വയലാര്‍ രവി എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് വിഷയം അവതരിപ്പിക്കും.26നു രാവിലെ പത്തിന് നടക്കുന്ന സെമിനാര്‍ ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജയില്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ചേരുന്ന വനിതാ സമ്മേളനം അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉദ്ഘാടനം ചെയ്യും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ, ആരോഗ്യവകുപ്പു സ്പെഷല്‍ സെക്രട്ടറി എം. ബീന തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം ആറിന് ചേരുന്ന സാംസ്കാരിക സമ്മേളനം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യും.


ജൂണ്‍ ആറിനു മാര്‍ ഈവാനിയോസ് അങ്കണത്തിലെ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ജി.ആര്‍. അജിത്, എം.എ. രഘുനാഥ്, കെ.വി. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.