കദളിക്കാട്ടിലച്ചന്‍ കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ ധന്യാത്മാവ്: മാര്‍ ജോണ്‍ വടക്കേല്‍
കദളിക്കാട്ടിലച്ചന്‍ കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ ധന്യാത്മാവ്: മാര്‍ ജോണ്‍ വടക്കേല്‍
Sunday, May 24, 2015 11:12 PM IST
പാലാ: പൌരോഹിത്യകടമകള്‍ പൂര്‍ണതയില്‍ നിറവേറ്റി, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടു, കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഭാസേവനം ചെയ്ത ധന്യാത്മാവാണു കദളിക്കാട്ടില്‍ മത്തായി അച്ചനെന്നു ബിജ്നോര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ വടക്കേല്‍. ധന്യന്‍ കദളിക്കാട്ടിലച്ചന്റെ എണ്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൌസ് കപ്പേളയില്‍ നടന്ന സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കണം വൈദികരെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പേ നെഞ്ചിലേറ്റി സാധാരണക്കാരുടെയും പാവങ്ങളുടെയും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരുവനായി ലളിതജീവിതം നയിച്ച പുണ്യാത്മാവാണ് കദളിക്കാട്ടിലച്ചനെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഫാ. കുര്യന്‍ മാതോത്ത്, ഫാ. ആന്റണി പുളികമണ്ഡല, ഫാ. ബേബി ഉറവനാംതടത്തില്‍, ഫാ. മാത്യു വല്ലാട്ടുതുണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.


പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ഥന നടത്തി ശ്രാദ്ധസദ്യ വെഞ്ചിരിച്ചു. എളിയവരില്‍ ഹൃദയം പ്രതിഷ്ഠിച്ച, ഏവര്‍ക്കും മാതൃകയായ, തിരുഹൃദയഭക്തനായ, വിശുദ്ധ ജീവിതത്തിന്റെ ഉടമയായിരുന്നു ധന്യന്‍ കദളിക്കാട്ടിലച്ചനെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ റാഫേല്‍ തട്ടില്‍ കബറിടത്തിങ്കല്‍ പ്രാര്‍ഥന നടത്തി. അനുസ്മരണശുശ്രൂഷകളിലും ശ്രാദ്ധസദ്യയിലും ആയിരങ്ങള്‍ പങ്കെടുത്തു.

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്യന്‍ കൊല്ലംപറമ്പില്‍, എസ്എച്ച് വികാര്‍ ജനറല്‍ സിസ്റര്‍ ആന്‍സില്ല തയ്യില്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ തെരേസ് കോയിപ്പുറം, കത്തീഡ്രല്‍ പള്ളിയിലെ ട്രസ്റിമാര്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.