ക്രൈസ്തവര്‍ കര്‍മരംഗങ്ങളെ സംശുദ്ധമാക്കണം: മാര്‍ പെരുന്തോട്ടം
ക്രൈസ്തവര്‍ കര്‍മരംഗങ്ങളെ സംശുദ്ധമാക്കണം: മാര്‍ പെരുന്തോട്ടം
Sunday, May 24, 2015 11:13 PM IST
ചങ്ങനാശേരി: ക്രൈസ്തവര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍മമണ്ഡലങ്ങളെ സുവിശേഷ മൂല്യങ്ങള്‍കൊണ്ട് സംശുദ്ധമാക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃസമ്മേളനം അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ നന്മയുടെയും സ്നേഹത്തിന്റെയും സുവിശേഷത്തിന്റെയും സന്ദേശവാഹകരാകാന്‍ അത്മായര്‍ക്ക് കഴിയണം. ചേരിതിരിവിനും വിഭാഗീയതയ്ക്കും അതീതമായി സഭക്കും സമൂഹത്തിനും നിസ്തുലമായ സേവനം പകരാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കഴിയണമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ വെല്ലുവിളികളും സഭക്കെതിരേ ഉയരുന്ന ആരോപണങ്ങളും മനസിലാക്കി പ്രതികരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു.


ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. വി.വി.ജോഷി, ഡോ. പി.സി.അനിയന്‍കുഞ്ഞ്, അഡ്വ. ബിജു പറയന്നിലം എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു.

വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് മുക്കം, ട്രഷറര്‍ ബാബു വള്ളപ്പുര, സംസ്ഥാന സെക്രട്ടറി സൈബി അക്കര, തോമസുകുട്ടി മണക്കുന്നേല്‍, ജിജോ നെല്ലുവേലി, വി.ജെ.മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.