വരകള്‍ വഴിത്തിരിവായപ്പോള്‍ രാജേഷിന് അഭിമാനിക്കാം
വരകള്‍ വഴിത്തിരിവായപ്പോള്‍ രാജേഷിന് അഭിമാനിക്കാം
Sunday, May 24, 2015 11:14 PM IST
എച്ച്. ഹരികൃഷ്ണന്‍

കോട്ടയം: പ്രതിയുടെ പേരില്ല, പോയത് എങ്ങോട്ടെന്ന് അറിയില്ല... അക്ഷരാര്‍ഥത്തില്‍ ശൂന്യതയില്‍നിന്നാണു പോലീസ് സംഘം പ്രതിയായ നരേന്ദറിനെ കണ്െടത്തിയത്. പിടികൂടിയതാകട്ടെ വെറും അഞ്ചു ദിവസത്തിനുള്ളിലും.

പാറമ്പുഴയിലെ കൂട്ടക്കൊലപാതക കേസില്‍ കോട്ടയം പോലീസ് രചിച്ചതു സുവര്‍ണനേട്ടം. പ്രതിയുടെ രേഖാചിത്രം കൃത്യതയോടെ വരച്ച കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.പി. രാജേഷിനെത്തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണിപ്പോള്‍. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രതിയുടെ പേരും ചിത്രവും മാറിമാറി വന്നെങ്കിലും ഒടുവില്‍ രാജേഷ് വരച്ച അതേ ചിത്രത്തിലേക്കു കേസ് എത്തി.

കൊലപാതകം നടന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ ബിന്ദുവാണു രാജേഷിനു നരേന്ദറുടെ രൂപം വിവരിച്ചുകൊടുത്തത്. കൊല്ലപ്പെട്ട പ്രവീണിന്റെ സഹോദരന്‍ പിന്നീടു രൂപത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. വിപിന്‍ ലാലിന്റെ വിശദമായ വിവരണമാണു പ്രതിയുടെ ചിത്രം ഇത്രയും സാമ്യത്തോടെ വരയ്ക്കാന്‍ സഹായകമായതെന്നു രാജേഷ് പറയുന്നു. വരയ്ക്കാന്‍ കാന്‍വാസോ മറ്റു സൌകര്യങ്ങളോ ഇല്ലായിരുന്നു. പെന്‍സിലും പേപ്പറും ഉപയോഗിച്ചു വെറും പത്തു മിനിറ്റുകൊണ്ടാണു ചിത്രം പൂര്‍ത്തിയാക്കിയത്.

മണിമല സ്വദേശിയായ രാജേഷ് 18 വര്‍ഷമായി കേരള പോലീസില്‍ സേവനമനുഷ്ഠിക്കുന്നു. 2006ലാണ് കേസിന്റെ ആവശ്യത്തിനായി ആദ്യമായി വരയ്ക്കുന്നത്. കറുകച്ചാല്‍ പോലീസ് സ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറായ ബിജുക്കുട്ടനാണു രാജേഷിന്റെ പ്രാഗല്ഭ്യം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. കോട്ടയത്ത് ഒരു സ്ത്രീയുടെ കൈയില്‍നിന്നു മൂന്നുലക്ഷം രൂപ കവര്‍ന്ന പ്രതിയുടെ രേഖാചിത്രമായിരുന്നു അത്. പിന്നീടു നൂറിലധികം കേസുകള്‍ക്കായി അദ്ദേഹം ചിത്രം വരച്ചു. ഇതില്‍ എഴുപതോളം പ്രതികളെ പോലീസിനു കണ്െടത്താനും സാധിച്ചു.


മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്നു ചിത്രരചനയില്‍ ബിരുദം നേടിയ രാജേഷ് ഏതാനും നാളുകള്‍ ചിത്രരചന അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോള്‍ പോലീസ് വകുപ്പിലെ സേവനത്തോടൊപ്പം കലാരംഗത്തും അദ്ദേഹം സജീവമാണ്. കീര്‍ത്തനങ്ങള്‍ ചിത്രങ്ങളിലൂടെ തത്സമയം ആവിഷ്കരിക്കുന്ന സംഗീതചിത്ര സമന്വയ പരിപാടിയാണു രാജേഷിന്റെ മറ്റൊരു പ്രത്യേകത. സുഹൃത്തും ഗായകനുമായ ജയന്‍ ഏന്തയാറിനൊപ്പമാണു പരിപാടി നടത്തുന്നത്.

മറ്റു രാജ്യങ്ങളില്‍ പിടികിട്ടാപ്പുള്ളികളുടെ രേഖാചിത്രങ്ങള്‍ വരയ്ക്കാനായി പോലീസില്‍ ആര്‍ട്ടിസ്റുകളെ നിയമിക്കാറുണ്ട്. എന്നാല്‍, ഇവിടെ അങ്ങനെയൊരു തസ്തികയില്ല. ഫോട്ടോഗ്രാഫറെ വയ്ക്കുന്നതുപോലെ ആര്‍ട്ടിസ്റുകള്‍ക്കായും ഒരു പോസ്റ് പോലീസില്‍ വേണമെന്നാണ് രാജേഷിന്റെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.