മോദിയുടേതു വാഗ്ദാനലംഘനങ്ങളുടെ വാര്‍ഷികം: കോണ്‍ഗ്രസ്
മോദിയുടേതു വാഗ്ദാനലംഘനങ്ങളുടെ വാര്‍ഷികം: കോണ്‍ഗ്രസ്
Sunday, May 24, 2015 11:26 PM IST
കൊച്ചി: കര്‍ഷകദ്രോഹ നടപടികളും വാഗ്ദാനലംഘനങ്ങളുമായി ഒരു വര്‍ഷം പിന്നിടുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 4.7 ശതമാനം കാര്‍ഷിക വളര്‍ച്ചയുണ്ടായിരുന്നത് ഈ സര്‍ക്കാരിന്റെ കാലത്തായപ്പോള്‍ 1.1 ശതമാനമായി കുറഞ്ഞു.

രാജ്യവളര്‍ച്ചയുടെ 17 ശതമാനം സംഭാവന ചെയ്യുന്നതു കാര്‍ഷിക മേഖലയാണ്. രാജ്യത്തെ തൊഴിലാളികളില്‍ 49 ശതമാനം പേരും ഈ മേഖലയിലാണ്. ജനസംഖ്യയുടെ 62 ശതമാനം കാര്‍ഷികമേഖലയെ ആശ്രയിച്ചാണു കഴിയുന്നത്. എന്നാല്‍, ഈ പ്രാധാന്യം മോദി സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ നീക്കിവയ്പുകളിലും ഭീമമായ വെട്ടിക്കുറവ് വരുത്തി. ആര്‍കെവിവൈ പദ്ധതിയില്‍ 7,426 കോടിയും പ്രധാനമന്ത്രി കൃഷി യോജനയില്‍ 800 കോടിയും നാഷണല്‍ ലൈവ്ലിഹുഡ് പ്രോജക്ടില്‍ 1,632 കോടിയും മൃഗസംരക്ഷണ പദ്ധതിയില്‍ 700 കോടിയും വെട്ടിക്കുറച്ചു. ഇതാണു കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ കഴിഞ്ഞ വര്‍ഷം കീഴോട്ടിടിച്ചത്.

അരിയുടെയും ഗോതമ്പിന്റെയും ഉത്പാദനത്തില്‍ കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 1.5 മില്യണ്‍ ടണ്ണിന്റെ കുറവുണ്ടായി. ഉത്തരേന്ത്യയിലെ അതിവൃഷ്ടിയും മഞ്ഞുവീഴ്ചയും മൂലം 200 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. ഇതു കര്‍ഷക ആത്മഹത്യ കൂടാന്‍ ഇടയാക്കി. 26 ശതമാനം വര്‍ധനയാണു കര്‍ഷക ആത്മഹത്യയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉണ്ടായിട്ടുള്ളത്.

വിളകള്‍ക്ക് യുപിഎ സര്‍ക്കാരിന്റെ കാലത്ത് 11 തവണയാണു താങ്ങുവില കൂട്ടിയത്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരു ക്വിന്റലിന് 50 രൂപ വര്‍ധിപ്പിക്കുക മാത്രമാണു മോദി ചെയ്തത്. കര്‍ഷകര്‍ക്കു വായ്പ നല്‍കുന്ന ഇന്ററസ്റ് സബ്വേന്‍ഷന്‍ സ്കീം അട്ടിമറിച്ചു. ഏഴു ശതമാനം പലിശ നാലു ശതമാനമായി കുറച്ചു ലഭിക്കുന്ന പദ്ധതിയാണു സര്‍ക്കാര്‍ ഉത്തരവിലൂടെ മരവിച്ചത്. കൃഷിവായ്പ നല്‍കാന്‍ ഒരു ബാങ്കും തയാറാവുന്നില്ല. കൃഷിച്ചെലവും 50 ശതമാനം ലാഭവും കര്‍ഷകര്‍ക്കു വാഗ്ദാനം ചെയ്ത നരേന്ദ്ര മോദി ഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വളം ലഭിക്കുന്നില്ല. റബറും പരുത്തിയും അടക്കമുള്ള നാണ്യവിളകളുടെ വിലയും പകുതിയായി.


കൃഷിഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരുണ്ടാക്കിയ നിയമവും കര്‍ഷകര്‍ക്കു വിനാശകരമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ ഇപ്പോഴുണ്ടായിട്ടുള്ള ഇടിവ് കണക്കിലെടുത്താല്‍ 37 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസലും 46 രൂപയ്ക്കു പെട്രോളും നല്‍കാന്‍ കഴിയും. 34 ശതമാനം വില കുറച്ച് ഈ ഇന്ധനങ്ങള്‍ നല്‍കാമെന്നിരിക്കെ സര്‍ക്കാര്‍ പെട്രോളിന് 7.8 ശതമാനവും ഡീസലിന് ഏഴു ശതമാനവും മാത്രമാണു വില കുറയ്ക്കാന്‍ തയാറായിട്ടുള്ളത്. മത്സ്യമേഖലയും വ്യവസായ മേഖലയും തളര്‍ച്ചയിലാണ്. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടും സെയ്തറാവു കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പാക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തും.

കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാനായി സാധാരണക്കാരന്റെ പോക്കറ്റില്‍ കൈയിട്ടുവാരുകയാണു മോദി. ഇതടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ചാക്കോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.