എം.ഐ. ഷാനവാസ് എംപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ടി. സിദ്ദിക്
എം.ഐ. ഷാനവാസ് എംപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ടി. സിദ്ദിക്
Sunday, May 24, 2015 11:27 PM IST
കോഴിക്കോട്: വയനാട് എംപി എം.ഐ. ഷാനവാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിക്. തന്റെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും തകര്‍ക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും ഷാനവാസും കെപിസിസി സെക്രട്ടറി അഡ്വ. ജയന്തും കൂട്ടാളികളും ശ്രമിക്കുന്നുവെന്നാണു സിദ്ദിക്കിന്റെ ആരോപണം. ഇന്നലെ രാവിലെ ഫേസ്ബുക്കിലാണു സിദ്ദിക്ക് ഇതു സംബന്ധിച്ച പോസ്റിട്ടത്. വടക്കന്‍ മേഖലയില്‍നിന്നു മുസ്ലിം വിഭാഗത്തില്‍പ്പെട്ട മറ്റൊരു നേതാവ് ഉയര്‍ന്നുവരുന്നതു തടയാനാണു ഷാനവാസിന്റെ നീക്കങ്ങളെന്നു സിദ്ദിക് പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു.

കോഴിക്കോട്ടെ ആശുപത്രിയില്‍ സിദ്ദിക്കും ബന്ധുക്കളും ചേര്‍ന്നു മര്‍ദിച്ചെന്നും ആക്ഷേപിച്ചെന്നും കാണിച്ചു സിദ്ദിക്കിന്റെ മുന്‍ ഭാര്യ നസീമ കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്കിയിരുന്നു. ഈ പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്െടന്നും അന്വേഷിക്കണമെന്നുമാണു സിദ്ദിക്കിന്റെ ആവശ്യം. പരാതി കമ്മീഷണര്‍ക്കു നല്കിയെന്ന് അവകാശപ്പെട്ടുള്ള വിശദീകരണമാണ് ‘പരാതിയെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ് ചെയ്തത്.

എന്തും ചെയ്യാന്‍ മടികാണിക്കാത്തയാളാണു ഷാനവാസെന്നാണു സിദ്ദിക്കിന്റെ ആരോപണം. തന്നെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയമായി തകര്‍ക്കാനുമാണു ശ്രമം. എം.ഐ. ഷാനവാസ് ഉള്‍പ്പെടെയുള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി നസീമയെയും മക്കളെയും ആക്രമിക്കാനും ആ കുറ്റം തന്റെ തലയില്‍ വച്ചുകെട്ടാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ നസീമയ്ക്കും മക്കള്‍ക്കും മതിയായ പോലീസ് സുരക്ഷ പുറത്തിറങ്ങുമ്പോള്‍ നല്‍കണം. പോലീസ് വീഡിയോ സൌകര്യം ഒരുക്കണം. ഗൂഢാലോചനയിലെ പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കണം. വ്യാജ പരാതി നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. സ്കൂള്‍ അവധിക്കാലമായതിനാല്‍ പുറത്തുനിന്നു മക്കളെ കാണാന്‍ ചെന്ന തന്നെ നസീമ പരസ്യമായി ആക്ഷേപിച്ചതായും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും സിദ്ദിക്് ആരോപിക്കുന്നു. നസീമയെ താന്‍ ആക്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ വ്യാജമാണ്. നസീമയ്ക്ക് ഇപ്പോള്‍ കാന്‍സര്‍ രോഗമില്ലെന്നും സിദ്ദിക് പറയുന്നു. രാഷ്ട്രീയഭാവി തടയാനും മക്കളെ കാണുന്നതു തടയാനുമാണു ശ്രമമെന്നു കുറിപ്പില്‍ പറയുന്നു. ആശുപത്രി കാന്റീനില്‍ മക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സഹിതമാണു പോസ്റ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.