മാവോയിസ്റാകുന്നതു കുറ്റമല്ലെന്ന ഹൈക്കോടതി വിധിക്കെതിരേ മന്ത്രി കെ.സി. ജോസഫ്
മാവോയിസ്റാകുന്നതു കുറ്റമല്ലെന്ന ഹൈക്കോടതി വിധിക്കെതിരേ മന്ത്രി കെ.സി. ജോസഫ്
Monday, May 25, 2015 12:24 AM IST
തിരുവനന്തപുരം: മാവോയിസ്റാകുന്നതു ക്രിമിനല്‍ കുറ്റമല്ലെന്ന ഹൈക്കോടതി വിധിക്കെതിരേ മന്ത്രി കെ.സി. ജോസഫ് രംഗത്ത്. മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന് നീതിപീഠം പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നു കേരളാ പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള സന്ദേശമല്ല ഇത്. മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നീങ്ങുന്ന പോലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന വിധിയാണിത്. കേരളത്തിലെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ നീതിപീഠം ഗൌരവമായി പരിഗണിക്കേണ്ടതായിരുന്നു. കെ. കരുണാകരന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ രണ്ടു കൊലപാതകങ്ങളിലൂടെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ വേരുപിടിപ്പിക്കാന്‍ ശ്രമിച്ചു. എന്നാലതു മുളയിലേ നുള്ളിക്കളയാനായി. സമീപകാല സംഭവങ്ങള്‍ വീണ്ടും അത്തരം പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കിയിരിക്കുന്നത്. ജാര്‍ഖണ്ഡിലും ഒഡീഷയിലുമൊക്കെ സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറത്ത് പോയി കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എട്ടു മണിക്കൂര്‍ ജോലി എന്ന സമയക്ളിപ്തത പാലിക്കാന്‍ പോലീസിനു കഴിയുന്നില്ല. സമയം പാലിക്കണമെങ്കില്‍ സേനയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കണം. ജനസംഖ്യയ്ക്ക് ആനുപാതികമായി സേനയുടെ അംഗബലം കൂടണമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നുമുണ്ട്. അതുപോലെ പോലീസിന്റെ ന്യായമായ ആവശ്യങ്ങള്‍ പത്താം ശമ്പള കമ്മിഷന്‍ പരിഗണിക്കുമെന്ന് ആശിക്കുന്നതായും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

മാവോയിസ്റ് അക്രമങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്െടന്ന് യോഗത്തില്‍ പ്രസംഗിച്ച ഇന്റലിജന്റ്സ് എഡിജിപി എ. ഹേമചന്ദ്രന്‍ പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ന്യായീകരിക്കാനായി ഇത്തരക്കാര്‍ പോലീസിനെതിരേ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. ചന്ദ്രാനന്ദന്‍ അധ്യക്ഷത വഹിച്ചു. ശശി തരൂര്‍ എം പി, തിരുവനന്തപുരം റൂറല്‍ എസ്പി കെ. ഷെഫിന്‍ അഹമ്മദ്, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത്, എം.എ. രഘുനാഥന്‍, കെ.വി. ഗിരീഷ് കുമാര്‍, ബാലകൃഷ്ണന്‍ പുതിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരേ കേരള പോലീസ് അസോസിയേഷന്‍ രംഗത്ത്.

സസ്പെന്‍ഷനും അച്ചടക്ക നടപടികളും അവസാനിച്ച് ഇത്തരക്കാര്‍ സര്‍വീസില്‍ തിരികെയെത്തുന്നതു സേനയ്ക്കു ഭീഷണിയും അന്തസിനു കളങ്കം വരുത്തുന്നതുമാണെന്നു പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. ആര്‍. അജിത് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന്റെ അന്തസും കര്‍ത്തവ്യബോധവും കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു കര്‍ശന നടപടിയുണ്ടാകണം. തൃശൂരില്‍ നടന്ന കൊലപാതകവും അതിലുള്‍പ്പെട്ട വ്യവസായിയുമായി അന്നത്തെ ജില്ലാ പോലീസ് മേധാവിക്ക് ഉണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ്. ഈ സംഭവത്തില്‍ സ്ഥാനചലനം സംഭവിച്ച അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടു ഡിജിപിയെ അപമാനിക്കാന്‍ ശ്രമിച്ചതു ശരിയായില്ല. പോലീസ് മേധാവിയുടെ സംശുദ്ധമായ ഔദ്യോഗിക ജീവിതത്തെ കളങ്കപ്പെടുത്താന്‍ ഹീനമാര്‍ഗം ഉപയോഗിച്ചവര്‍ പോലീസ് സേനയ്ക്കു അപമാനമാണെന്നു ജേക്കബ് ജോബിന്റെ പേരെടുത്തു പറയാതെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.