ചന്ദ്രബോസ് വധക്കേസ്: പ്രാഥമിക വിചാരണ നാളെ തുടങ്ങും
Monday, May 25, 2015 12:25 AM IST
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക വിചാരണ നാളെത്തുടങ്ങും. 15 ദിവസമാണ് ഇതിനായി കോടതി അനുവദിക്കുക. കേസിന്റെ അടിയന്തര പ്രാധാന്യവും സാമൂഹ്യശ്രദ്ധയും കണക്കിലെടുത്തു വിചാരണ അതിവേഗ കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നോട്ടീസു നല്കാനുള്ള തയാറെടുപ്പിലാണ്.

കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍നിന്നു കൈമാറിയ കേസില്‍ ജില്ലാ സെഷന്‍സ് കോടതി നമ്പറിടും. ഇതിനായി സ്പെഷല്‍ പ്രോസിക്യൂട്ടറോടു ഹാജരാകാന്‍ ജില്ലാ ജഡ്ജിയുടെ ചാര്‍ജു വഹിക്കുന്ന അഡീഷണല്‍ ജില്ലാ ജഡ്ജ് കെ. നന്ദനകൃഷ്ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണത്തടവുകാരനായ മുഹമ്മദ് നിസാമിനെ കോടതിയിലെത്തിക്കാനും നോട്ടീസുണ്ട്. ഹൈക്കോടതി അഭിഭാഷകനായ സി.പി. ഉദയഭാനുവാണു കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.


കഴിഞ്ഞ ഏപ്രില്‍ 14നാണു പ്രോസിക്യൂഷന്‍ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ നിസാമിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീടു വിചാരണയുള്‍പ്പടെയുള്ള നടപടിക്കു കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്കു റഫര്‍ ചെയ്തു. തൊണ്ടിമുതലുകളുടെ വിവരങ്ങളും അനുബന്ധ രേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളുമുള്‍പ്പെടുന്ന 1500-ലധികം പേജുള്ള കുറ്റപത്രമാണു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.