ബാര്‍ കോഴ കേസിന്റെ പേരില്‍ വീണ്ടും വിവാദം
Tuesday, May 26, 2015 12:40 AM IST
സ്വന്തം ലേഖകന്‍


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നതിന്റെ പേരില്‍ യുഡിഎഫില്‍ അസ്വസ്ഥത. നുണപരിശോധനാഫലം ഉള്‍പ്പെടെയുള്ള വിജിലന്‍സ് അന്വേഷണവിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നതിലുള്ള കടുത്ത അതൃപ്തി കേരള കോണ്‍ഗ്രസ്-എം പരസ്യമായി പ്രകടിപ്പിച്ചു. പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കൂടി രംഗത്തു വന്നതോടെ ഒരിക്കല്‍ക്കൂടി ബാര്‍കോഴ കേസിന്റെ പേരില്‍ സംസ്ഥാന രാഷ്ട്രീയം കലുഷിതമാകുകയാണ്.

നുണപരിശോധനാഫലം ചോര്‍ന്നത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണവിവരം ചോരുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നു മന്ത്രി കെ.സി. ജോസഫും പ്രതികരിച്ചു.

ബാര്‍ കോഴ കേസിലെ കുറ്റപത്രത്തില്‍ കെ.എം. മാണിയുടെ പേരുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണു പ്രതിപക്ഷവും ശക്തമായി രംഗത്തു വന്നത്. പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിയെ പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് നിരന്തരമായി വാര്‍ത്തകള്‍ പുറത്തുവിടുന്നു എന്നു കേരള കോണ്‍ഗ്രസ്-എം നേരത്തേതന്നെ പരാതിപ്പെട്ടിരുന്നു. ഇതു തങ്ങളെ അപമാനിക്കാനാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രി കെ. ബാബുവിനെതിരേയും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്െടങ്കിലും അതുസംബന്ധിച്ച വിവരങ്ങളൊന്നും ചോരാതെ, മന്ത്രി മാണിക്കെതിരേയുള്ള അന്വേഷണം മാത്രം വാര്‍ത്തകളിലൂടെ നിരന്തരം സജീവമാക്കി നിര്‍ത്തുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്െടന്നു കേരള കോണ്‍ഗ്രസ്-എം കരുതുന്നു.


ഈ മാസം 31നു എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കുന്നതിനാണ് യോഗം. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട് എളമരം കരീമിനെതിരേയുള്ള രഹസ്യമൊഴി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വേളയില്‍ ബാര്‍ കോഴ കേസ് വീണ്ടും സജീവമാകുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഗുണകരമാണ്.

ബാറുടമകള്‍ നുണപരിശോധനയ്ക്കു തയാറല്ലെന്ന് അറിയിച്ചതോടെ ബാര്‍കോഴ അന്വേഷണം ഏറെക്കുറെ അവസാനിച്ച മട്ടാണ്. ഇനി റിപ്പോര്‍ട്ട് തയാറാക്കുന്നതിലേക്കു വിജിലന്‍സ് നീങ്ങും. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു വിജിലന്‍സ് ഒരുങ്ങുന്നത്.

വാര്‍ത്തചോര്‍ത്തല്‍ നളിനി നെറ്റോ അന്വേഷിക്കും

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അന്വേഷണവിവരം ചോര്‍ന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കാണ് അന്വേഷണച്ചുമതല. പൊതുപ്രവര്‍ത്തകനായ അഡ്വ. ജഹാംഗീര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാഫലം ചോര്‍ന്നത് ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും അന്വേഷണപരിധിയില്‍പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.