ബിജു രമേശ് ആര്‍ത്തിപ്പണ്ടാരം: മന്ത്രി കെ. ബാബു
ബിജു രമേശ് ആര്‍ത്തിപ്പണ്ടാരം: മന്ത്രി കെ. ബാബു
Tuesday, May 26, 2015 1:27 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: കഴിഞ്ഞ ഇരുപതു വര്‍ഷമായി കൃത്യമായി ഗവര്‍ണര്‍ക്കു വസ്തുവിവരങ്ങളുടെ കണക്കു കൊടുക്കുന്ന തനിക്ക് അനധികൃതമായി എന്തെങ്കിലും സ്വത്തുണ്െടങ്കില്‍ ആര്‍ത്തിപ്പണ്ടാരത്തിനു സൌജന്യമായി രജിസ്റര്‍ ചെയ്തുനല്കാമെന്നു മന്ത്രി കെ.ബാബു. ബാറുടമ ബിജു രമേശിന്റെ പേരെടുത്തു പറഞ്ഞാണു മന്ത്രി ആര്‍ത്തിപ്പണ്ടാരമെന്നു വിളിച്ചത്. ഒന്‍പതു ബാറുകള്‍ പൂട്ടിയപ്പോള്‍ ദിവസം 25 ലക്ഷം രൂപയുടെ വരുമാനം നഷ്ടപ്പെട്ടതിനു ഭ്രാന്തിളകി നടക്കുന്നയാളാണു ബിജു രമേശ്. തനിക്ക് 200 കോടി ആസ്തിയുണ്െടന്ന് ഇതുവരെയും മനസിലായിരുന്നില്ല. ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ എക്സൈസ് സ്റാഫ് അസോസിയേഷന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

എംഎല്‍എ ആയി മത്സരിക്കുമ്പോള്‍ ഗവര്‍ണര്‍ക്കു വസ്തുവിവരങ്ങളുടെ കണക്കും മന്ത്രിയായതിനുശേഷം കഴിഞ്ഞ നാലു വര്‍ഷമായി ഇന്‍കംടാക്സ് സ്റേറ്റ്മെന്റും നല്‍കുന്നയാളാണ്. ഇത്തരത്തിലുള്ള തനിക്കെതിരേ രാഷ്ട്രീയ ശത്രുക്കള്‍ പോലും ഇങ്ങനെ ആരോപണം ഉന്നയിക്കില്ല.

താന്‍ ആരുടെ കൈയില്‍നിന്നും പത്തു കോടി രൂപ വാങ്ങിയിട്ടില്ല. താന്‍ പറഞ്ഞിട്ടു പത്തു കോടി കൊടുത്തുവെന്നാണു പറയുന്നത്. ആര്‍ക്കാണു പണം കൊടുത്തതെന്നു വ്യക്തതയില്ല. ബിജു രമേശ് സമനില തെറ്റിയ രീതിയിലാണു സംസാരിക്കുന്നത്.


തനിക്കെതിരേ കരിങ്കൊടി കാണിച്ച് അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം നടക്കാന്‍ പോകുന്നില്ല. മലബാര്‍ സിമന്റ്സ് എംഡി എളമരം കരീമിനു പണം കൊടുത്തത് അഴിമതിയായി കണക്കാക്കാത്ത സിപിഎം തനിക്കെതിരേ അഴിമതിയാരോപണം ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പതിനായിരം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുന്ന എക്സൈസ് വകുപ്പിനു ധനവകുപ്പ് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നു മന്ത്രി പറഞ്ഞു. എക്സൈസ് കെട്ടിടങ്ങള്‍ പണിയാന്‍ പോലും പണമില്ലാത്ത അവസ്ഥയാണിപ്പോള്‍. സര്‍ക്കാരിനു വിചാരിക്കുന്നതിലും കൂടുതല്‍ സാമ്പത്തിക പ്രശ്നമുണ്െടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ പ്രസിഡന്റ് എ.സി.ജോസഫ് അധ്യക്ഷതവഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ പുരസ്കാര വിതരണം നടത്തി. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സി.എം.ഷാനവാസ്, എക്സൈസ് അക്കാഡമി പ്രിന്‍സിപ്പല്‍ കെ.മോഹനന്‍, ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ഡി.സന്തോഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.എസ്.സലിംകുമാര്‍, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്.സലിം, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.ജി.ശിവശങ്കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.