മിസ്റീരിയസ് ആം സാങ്കേതിക വിദ്യയിലൂടെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ ആഗോളശ്രദ്ധയിലേക്ക്
Tuesday, May 26, 2015 1:30 AM IST
തൊടുപുഴ: വാഹനങ്ങള്‍ക്ക് മിസ്റീരിയസ് ആം സാങ്കതികവിദ്യയുമായി പറവൂര്‍ മാതാ കോളജ് ഓഫ് ടെക്നോളജിയിലെ അവസാന വര്‍ഷ ഓട്ടോ മൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍.

സാധാരണ വാഹനങ്ങളില്‍ രണ്ടു ടയറുകളിലാണു വാഹനത്തിന്റെ നിയന്ത്രണം. എന്നാല്‍ ഇവര്‍ കണ്ടുപിടിച്ച സാങ്കേതികവിദ്യയിലൂടെ നാലു ടയറുകളും സ്റീയറിംഗിലൂടെ നിയന്ത്രിക്കാന്‍ കഴിയും. ഇത്തരത്തില്‍ ലോകത്തിലെ ആദ്യത്തെ കണ്ടുപിടുത്തമാണ് ഇതെന്നാണ് വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്.

അവസാന വര്‍ഷ പ്രോജക്ടിന്റെ ഭാഗമായാണ് ഈ കണ്ടുപിടിത്തം. മുപ്പതിനായിരത്തോളം രൂപയാണ് നിര്‍മാണച്ചെലവ്. രണ്ടു കാറുകളുടെ ഫ്രണ്ട് ടയറുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മാണം. തിരക്കേറിയ ചെറിയ റോഡുകളില്‍ സ്ഥലപരിമിതിക്കുളളിലും പെട്ടെന്ന് വാഹനം തിരിക്കല്‍, സീറോ ടേണിംഗ് എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്.


ഓട്ടോമൊബൈല്‍ വിഭാഗം അസിസ്റ്റന്റ് പ്രഫസറും തൃശൂര്‍ സ്വദേശിയുമായ കെ.എസ്. നിര്‍മലിന്റെ മേല്‍നോട്ടത്തില്‍ ആശീഷ് കെ. ഷാജി (വണ്ണപ്പുറം), പി.എസ്. സനല്‍(തൃശൂര്‍), എസ് മനുകൃഷ്ണ (കളമശേരി), മിഥുന്‍ മോഹനന്‍ (പറവൂര്‍), ജിസ്മോന്‍ ജോസ് (നെടുമ്പാശേരി) എന്നിവരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തില്‍ ഈ സിസ്റം ഏതു വാഹനത്തിലും ഘടിപ്പിക്കാമെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.