സമ്പൂര്‍ണ മത്സ്യബന്ധന നിരോധനത്തില്‍നിന്ന് പരമ്പരാഗത യാനങ്ങളെ ഒഴിവാക്കണം: കടല്‍
Tuesday, May 26, 2015 1:59 AM IST
ആലപ്പുഴ: ഇന്ത്യയുടെ കടലില്‍ 61 ദിവസം മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍നിന്ന് കേരളത്തിലെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളെ ഒഴിവാക്കണമെന്ന് കെആര്‍എല്‍സിസിയുടെ കടല്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ നടത്തിയ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും വിദഗ്ധരുടെയും സമ്മേളനം ആവശ്യപ്പെട്ടു.

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സ്യബന്ധനം മണ്‍സൂണ്‍ കാലത്തെ ചാകരപ്പണിയാണ്. ഈ സമയത്ത് മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ തകരാറിലാവും. അവരുടെ കടബാധ്യത കടക്കെണിയായി മാറുകയും ചെയ്യും.


മത്സ്യബന്ധനത്തിന്റെ ശോഷണം തടയാന്‍ വിനാശകരമായ മത്സ്യബന്ധന രീതികള്‍ അവസാനിപ്പിക്കേണ്ടതാണെന്നും അതിനായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളും കെആര്‍എല്‍സിസി പ്രതിനിധികളായി ഫാ. ജയിംസ് കുലാസ്, ഫാ. തോമസ് തറയില്‍, കടല്‍ ഡയറക്ടര്‍ ഡോ. ആന്റണിറ്റോ പോള്‍ എന്നിവരും ഡോ. സജീവ് ഘോഷ്, ടിറ്റോ, ഫാ. മത്തിയാസ്, ടി. പീറ്റര്‍, ചാള്‍സ് ജോര്‍ജ്, അഡ്വ. പി.ജെ. മാത്യു തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.