മത്സ്യത്തൊഴിലാളി സംഗമത്തില്‍ രാഹുല്‍ പങ്കെടുക്കും
മത്സ്യത്തൊഴിലാളി സംഗമത്തില്‍ രാഹുല്‍ പങ്കെടുക്കും
Tuesday, May 26, 2015 1:20 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു രാത്രി തൃശൂരിലെ രാമനിലയത്തില്‍ അന്തിയുറങ്ങും. കോഴിക്കോട്ടുനിന്നു രാത്രി പത്തിനെത്തുന്ന രാഹുല്‍ഗാന്ധിക്കു രാത്രി വിശ്രമിക്കാന്‍ രാമനിലയത്തിലെ മുറികള്‍ സജ്ജമാക്കി. രാമനിലയത്തിലും പരിസരത്തും കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ പ്രസംഗിക്കുന്ന ചാവക്കാട് ബീച്ച് പ്രദേശത്തും വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാളെ രാവിലെ പത്തിനു ചാവക്കാട്ടു നടക്കുന്ന സംസ്ഥാന മത്സ്യത്തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കാനും മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാനുമാണു രാഹുല്‍ എത്തുന്നത്. തൃശൂരില്‍ രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ഒമ്പതോടെ ചാവക്കാട്ടേക്കു യാത്രതിരിക്കും. കാര്‍മാര്‍ഗം കുന്നംകുളം വഴിയാണു പോകുക. രാവിലെ പത്തോടെ ചാവക്കാട് കടപ്പുറത്തെത്തും.

മത്സ്യത്തൊഴിലാളികളുടെ കോളനി സന്ദര്‍ശിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥ രും രാഹുല്‍ ഗാന്ധിയും കോളനി സന്ദര്‍ശനക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ല. തീരുമാനമായാല്‍ ചാവക്കാട്ടെ ആദ്യപരിപാടി കോളനിയിലാകും. അരമണിക്കൂറിലേറെ സമയം കോളനിയില്‍ ചെലവഴി ക്കും. അതിനുശേഷം നെഹ്റു മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നു മത്സ്യത്തൊഴിലാളിസംഗമം ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, സി.എന്‍. ബാലകൃഷ്ണന്‍ തുടങ്ങിയവരും എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടിയും മ ത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എംഎല്‍എയും പത്രസമ്മേളനത്തില്‍ അറിയിച്ചു.

കനത്ത സുരക്ഷാസംവിധാനങ്ങള്‍ വേണ്ടിവരുന്നതിനാല്‍ പ്രവര്‍ത്തകരും നേതാക്കളും രാവിലെ ഒമ്പതിനു മുമ്പ് ചാവക്കാടു കടപ്പുറത്തു പ്രത്യേകം തയാറാക്കിയ പന്തലില്‍ പ്രവേശിക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. രാവിലെ എട്ടുമുതല്‍ പ്രവേശനം ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ മ ത്സ്യത്തൊഴിലാളി നയങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

തെക്കന്‍ പ്രദേശങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ ചേറ്റുവ പാലത്തിനു വടക്ക് മൂന്നാംകല്ല് വഴി വട്ടേക്കാട്, അഞ്ചങ്ങാടി ബീച്ച് റോഡ് വഴി സമ്മേളനനഗരിയുടെ തെക്കുഭാഗത്തെത്തണം. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവര്‍ ചാവക്കാട് മണത്തല, ചാപറമ്പ് വഴി ബീച്ചില്‍ വന്നു പ്രവര്‍ത്തകരെ ഇറക്കി ദ്വാരക ബീച്ച് പരിസരത്തു വാഹന ങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നു ജനറല്‍ സെക്രട്ടറി കെ.ഡി. വീരമണി അറിയിച്ചു.

കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കാര്‍ മാര്‍ഗമാണു രാഹുല്‍ തൃശൂരിലെത്തുക. രാമനിലയത്തിലെത്തുന്ന അദ്ദേഹത്തെ ഡിസിസി പ്രസിഡന്റ്, എംഎല്‍എമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. ഡിസിസി ഭാരവാഹികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. ചാവക്കാട്ടെ മത്സ്യത്തൊഴിലാളി സംഗമം സമാപിച്ച ശേഷം ആലുവയിലേക്കു കാര്‍മാര്‍ഗം പോകും. ഗസ്റ് ഹൌസില്‍ റബര്‍ കര്‍ഷക പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് ആലുവയില്‍ എത്തുന്നത്. അതിനുശേഷം വൈകുന്നേരം നെടുമ്പാശേരിയില്‍നിന്നു ഡല്‍ഹിയിലേക്കു മടങ്ങും.


രാഹുല്‍ഗാന്ധിക്ക് വന്‍ സുരക്ഷാസന്നാഹം

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കോഴിക്കോട്ടെത്തും.

ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധിയെ ദേശീയ, സംസ്ഥാന നേതാക്കള്‍ വരവേല്‍ക്കുമെന്നു സംസ്ഥാന സമ്മേളന സംഘാടക സമിതി ഭാരവാഹികളായ ഡിസിസി പ്രസിഡന്റ് കെ.സി. അബു, എം.കെ. രാഘവന്‍ എംപി, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണു രാഹുലിനെ സ്വീകരിക്കാന്‍ എത്തുക. തുടര്‍ന്നു വെസ്റ്ഹില്‍ സര്‍ക്കാര്‍ ഗസ്റ്ഹൌസിലേക്കു പോകുന്ന അദ്ദേഹം വൈകുന്നേരം 4.45ഓടെ കടപ്പുറത്തെ സമ്മേളന വേദിയിലെത്തും. കടപ്പുറത്തെ റാലിയെ അഭിസംബോധന ചെയ്ത ശേഷം റോഡ് മാര്‍ഗം തൃശൂരിലേക്കു പോവും.

രാഹുല്‍ഗാന്ധിക്കായി കനത്ത സുരക്ഷയാണു കോഴിക്കോട്ട് പോലീസ് ക്രമീകരിച്ചിട്ടുള്ളത്. നാല് എസ്പിമാരും ഒമ്പത് എസിമാരും 16 സിഐമാരും 775 പോലീസുകാരുമടങ്ങുന്ന സംഘമാണു നഗരത്തില്‍ സുരക്ഷയ്ക്കായി അണിനിരക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ പി.എ. വത്സന്‍, ക്രൈംബ്രാഞ്ച് എസ്പി കെ.ബി. വേണുഗോപാല്‍, പോലീസ് അക്കാഡമി എസ്പി പുഷ്കരന്‍, ഡിസിപി ഡി. സാലി എന്നിവര്‍ക്കാണു നേതൃത്വം.

ഇതിനു പുറമേ ഡല്‍ഹിയില്‍നിന്നുള്ള സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും(എസ്പിജി) രാഹുലിനെ അനുഗമിക്കും. ഇവര്‍ രാഹുലിന്റെ സ്ഥിരം സുരക്ഷാ ഭടന്‍മാരാണ്. 20 പേര്‍ അടങ്ങുന്നതാണ് എസ്പിജി. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ്മാര്‍ഗമാണു കോഴിക്കോട്ടെത്തുക. എസ്പി പുഷ്കരനാണു റൂട്ട് ഓഫീസര്‍.

വൈദ്യരങ്ങാടി വരെ മലപ്പുറം പോലീസും തുടര്‍ന്നു കോഴിക്കോട് വരെ സിറ്റി പോലീസും സുരക്ഷയ്ക്കായി റോഡുകളിലെ വിവിധ പിക്കറ്റ് പോസ്റുകളിലുണ്ടാവും. സായുധ പോലീസിനെയാണു പിക്കറ്റ് പോസ്റുകളില്‍ വിന്യസിക്കുന്നത്.

സ്റേജിന്റെയും പരിപാടി നടക്കുന്ന സ്ഥലത്തിന്റെയും സുരക്ഷാചുമതല ക്രൈംബ്രാഞ്ച് എസ്പിക്കാണ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്നലെ ട്രയല്‍റണ്‍ നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.