ഫാ. തോമസ് മലേക്കുടിയുടെ പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷിച്ചു
ഫാ. തോമസ് മലേക്കുടിയുടെ പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷിച്ചു
Tuesday, May 26, 2015 2:01 AM IST
മൂവാറ്റുപുഴ: രാഷ്ട്രദീപിക മുന്‍ ചെയര്‍മാനും വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് സ്ഥാപക മാനേജരും കോതമംഗലം രൂപത മുന്‍ വികാരി ജനറാളുമായ ഫാ. തോമസ് മലേക്കുടിയുടെ പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഭക്തിസാന്ദ്രവും പ്രൌഢഗംഭീരവുമായി. ജന്മനാടായ ഏനാനല്ലൂര്‍ സെന്റ് സെബാസ്റ്യന്‍സ് പള്ളിയില്‍ ഇന്നലെ രാവിലെ പത്തിനു ജൂബിലേറിയന്‍ ഫാ. തോമസ് മലേക്കുടിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്. അവിഭക്ത കോതമംഗലം രൂപതയിലും പിന്നീടു രൂപത വിഭജനശേഷവും അജപാലനത്തോടൊപ്പം സാമൂഹിക, വിദ്യാഭ്യാസരംഗത്തു ഫാ. മലേക്കുടി നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്നു ദിവ്യബലി മധ്യേ അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അനുസ്മരിച്ചു.

പള്ളി ഗ്രൌണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ജൂബിലി സമ്മേളനം മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് ഉദ്ഘാടനംചെയ്തു. അമ്പതുവര്‍ഷം ദൈവത്തോടും സഭയോടും ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച കരുത്തനായ ആത്മീയാചാര്യനാണു ഫാ. തോമസ് മലേക്കുടിയെന്നു മാര്‍ യൂലിയോസ് പറഞ്ഞു. വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളില്‍ ഫാ.മലേക്കുടിയുടെ നേതൃത്വത്തില്‍ കോതമംഗലം രൂപത കൈവരിച്ച നേട്ടം മറ്റു രൂപതകള്‍ക്കു മാതൃകയാണ്. നാനാജാതി മതസ്ഥരെ ഒരുമിച്ചുകൂട്ടി ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഫാ. തോമസ് മലേക്കുടി എന്നും മുന്‍നിരയിലുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പട്ടിണികൊണ്ട് പൊറുതിമുട്ടിയ കാലഘട്ടത്തിലാണു കര്‍ഷകരെ ഹൈറേഞ്ചില്‍ കുടിയേറി കൃഷിയിറക്കാന്‍ സര്‍ക്കാര്‍ പ്രേരിപ്പിച്ചത്. എന്നാല്‍, പിന്നീട് കുടിയേറ്റ കര്‍ഷകരുടെ ദുരിതം സര്‍ക്കാര്‍ പാടേ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഫാ. മലേക്കുടിയുടെ നേതൃത്വത്തില്‍ കോതമംഗലം രൂപത ഹൈറേഞ്ചിന്റെ സാമൂഹിക, വിദ്യാഭ്യാസ ഉന്നമനത്തിനായി മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്െടന്നും അദ്ദേഹം അനുസ്മരിച്ചു.

അജപാലന, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, മാധ്യമരംഗത്തു ഫാ. തോമസ് മലേക്കുടിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. കോതമംഗലം, ഇടുക്കി രൂപതകളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സേവനം പ്രശംസനീയമാണ്. ചടങ്ങില്‍ രണ്ടു രൂപതകളുടെയും അഭിനന്ദനങ്ങളും പ്രാര്‍ഥനകളും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആശംസിച്ചു.


വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് രൂപകല്പനയും പ്രവര്‍ത്തനങ്ങളും യാഥാര്‍ഥ്യമാക്കിയ ശില്പിയാണു ഫാ. തോമസ് മലേക്കുടിയെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. പൌരോഹിത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മതബോധന ഫണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ജനതയുടെ പുരോഗതിക്കുവേണ്ടി പോരാടുന്ന വൈദിക ശ്രേഷ്ഠനാണ് ഫാ. തോമസ് മലേക്കുടിയെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. സുവര്‍ണജൂബിലിയോടനുബന്ധിച്ചു സെമിനാരി വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഫണ്ട് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനു കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ചികിത്സാ സഹായ ഫണ്ട് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജോയ്സ് ജോര്‍ജ് എംപി, കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കാര്യാമഠം, വിദ്യാഭ്യാസ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം ഡോ.സിറിയക് തോമസ്, രാഷ്ട്രദീപിക സിഎംഡി മോണ്‍. മാത്യു എം. ചാലില്‍, എംഎല്‍എമാരായ ടി.യു. കുരുവിള, ജോസഫ് വാഴയ്ക്കന്‍, വെളിയന്നൂര്‍ കുടുംബയോഗം സഹരക്ഷാധികാരി ഫാ. ഡൊമിനിക് മുട്ടത്തുകുടി, ബംഗളൂരു സീറോ മലബാര്‍ മിഷന്‍ എപ്പിസ്കോപ്പല്‍ വികാര്‍ റവ.ഡോ.മാത്യു കോയിക്കര, സിഎംസി പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റര്‍ മേരി ഡിവോഷ്യ, മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ബ്ളോക്ക് പഞ്ചായത്ത് അംഗം ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ആയവന പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് മലേക്കുടി മറുപടി പ്രസംഗം നടത്തി. ഇടവക വികാരി ഫാ. മാത്യു തേക്കുംകാട്ടില്‍ സ്വാഗതവും പോളി ഏബ്രഹാം മലേക്കുടി നന്ദിയും പറഞ്ഞു. ഹൈറേഞ്ച് മേഖല ഉള്‍പ്പെടെ വിവിധ പള്ളികളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി വിശ്വാസികളും അഭ്യുദയകാംക്ഷികളും സന്യസ്തരും വൈദികരും ബന്ധുക്കളുമുള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.