ശ്രീവിദ്യ ചാരിറ്റബിള്‍ ട്രസ്റ്: ഗണേഷ്കുമാറിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാടു തേടി
ശ്രീവിദ്യ ചാരിറ്റബിള്‍ ട്രസ്റ്: ഗണേഷ്കുമാറിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാടു തേടി
Tuesday, May 26, 2015 2:02 AM IST
കൊച്ചി: അന്തരിച്ച ചലച്ചിത്രനടി ശ്രീവിദ്യയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിനു രൂപം നല്‍കിയ ചാരിറ്റബിള്‍ ട്രസ്റ് തനിക്കു നോക്കി നടത്താന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. ജസ്റീസ് കെ. വിനോദ്ചന്ദ്രനാണു ഹര്‍ജി പരിഗണിക്കുന്നത്. വില്‍പത്രമനുസരിച്ചു സ്വത്തുക്കള്‍ ഗണേഷ്കുമാറിനാണു കൈമാറിയിട്ടുള്ളത്. സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനു ചാരിറ്റബിള്‍ ട്രസ്റിനു രൂപം നല്‍കണമെന്നും നൃത്ത സംഗീത വിദ്യാലയം തുടങ്ങണമെന്നും വില്‍പത്രത്തില്‍ പറയുന്നുണ്ട്. സ്വത്തുവകകളിന്മേല്‍ നികുതി നിര്‍ണയിച്ചിട്ടില്ലെന്നും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആദായ നികുതി കമ്മീഷണര്‍ (അപ്പീല്‍), നികുതി റിക്കവറി ഓഫീസര്‍ എന്നിവര്‍ തനിക്കു നോട്ടീസ് നല്‍കിയെന്നും ശ്രീവിദ്യയുടെ വസ്തുവകകളില്‍നിന്ന് ആദായനികുതി കുടിശിക ഈടാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നു നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്െടന്നും ഗണേഷ്കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.


ശ്രീവിദ്യയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്താന്‍ കഴിയാത്തതിനാല്‍ ശ്രീവിദ്യ ചാരിറ്റബിള്‍ ട്രസ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു നിവേദനം നല്‍കിയിരുന്നു.

ശ്രീവിദ്യയുടെ ആഗ്രഹം നടപ്പാക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാഡമി വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന നിവേദനത്തെ തുടര്‍ന്ന് വസ്തുവകകളുടെ മൂല്യനിര്‍ണയത്തിനായി അക്കാഡമി എന്‍. രാജ്കുമാറിനെ നിയോഗിച്ചു. ഇതിനിടെ, ചെന്നൈയിലെ വസ്തുവകകള്‍ വിറ്റ് ആദായ നികുതി കുടിശിക വരവുവയ്ക്കാനും ശേഷിക്കുന്ന തുക ശ്രീവിദ്യയുടെ സഹോദരന്റെ മക്കള്‍ക്കു നല്‍കാനും അനുവദിക്കണമെന്ന് ആദായ നികുതി വകുപ്പിനെ അറിയിച്ചു. തിരുവനന്തപുരത്തെ ശ്രീവിദ്യയുടെ വീട് അവരുടെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകമാക്കി മാറ്റണമെന്നും ഹര്‍ജിയില്‍ നിര്‍ദേശിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.