ആയിരങ്ങള്‍ക്ക് ആശ്വാസമേകി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം
ആയിരങ്ങള്‍ക്ക് ആശ്വാസമേകി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം
Tuesday, May 26, 2015 1:22 AM IST
കോട്ടയം: നിരാലംബരായ ആയിരങ്ങളുടെ കണ്ണീരൊപ്പിയും അവര്‍ക്കു കരുതലായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. ഇന്നലെ രാവിലെ ഒമ്പതിനു തുടങ്ങിയ ജനസമ്പര്‍ക്കം രാത്രി വൈകിയും തുടരുകയാണ്.

കോട്ടയം ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 15 ഇന കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കം ആരംഭിച്ചത്. നെല്‍കര്‍ഷകര്‍ക്കു കുടിശികയായി നല്‍കാനുള്ള തുകയില്‍ 50 കോടി രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ശുചിത്വ കോട്ടയത്തിന് ഒരു കോടി, ഡിസ്കവര്‍ കോട്ടയം ടൂറിസം പദ്ധതി, തരിശുഭൂമിരഹിത കോട്ടയം, ചിങ്ങവനത്ത് കായിക ഇന്‍സ്റിറ്റ്യൂട്ട്, നഗരത്തില്‍ ആകാശ നടപ്പാത, കോട്ടയം കഞ്ഞിക്കുഴിയില്‍ നാലുവരിപ്പാത, ചങ്ങനാശേരിയില്‍ ഫ്ളൈ ഓവര്‍ തുടങ്ങിയ കര്‍മ പദ്ധതികളാണ് മുഖ്യമന്ത്രി ജില്ലയ്ക്കായി പ്രഖ്യാപിച്ചത്.

ഇന്നലെ രാത്രി പത്തുവരെ 24100 പരാതികള്‍ മുഖ്യമന്ത്രി നേരിട്ടു സ്വീകരിച്ചു. ഓണ്‍ലൈനായി ലഭിച്ച 9314 അപേക്ഷകളില്‍ നിന്നു മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നതിനു സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത 100 പേരില്‍ 94 പേര്‍ ഹാജരായി. ഇതില്‍ 87 പേര്‍ക്കു ചികിത്സാ ധനസഹായമായി 53,25,000 രൂപ അനുവദിച്ചു. ഇതോടെ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച തുക 6.215 കോടിയിലെത്തി.


ഇതുവരെ ഓണ്‍ലൈനായി ലഭിച്ച 9314 അപേക്ഷകളില്‍ 9214 നും നേരത്തെ തീര്‍പ്പ് കല്പിച്ചിരുന്നു. ഇതില്‍ ധനസഹായം ആവശ്യമായ 3083 അപേക്ഷകളിലായി നാലു കോടി രൂപ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിരുന്നു. 24 വരെ കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും നേരിട്ടു ലഭിച്ച അപേക്ഷകള്‍ 4893 ആയിരുന്നു. ഇവയില്‍ 420 അപേക്ഷകര്‍ക്കായി 1.02 കോടി രൂപ വിതരണം ചെയ്തു. കൂടാതെ പട്ടയം, വീട്, സ്ഥലം, റേഷന്‍ കാര്‍ഡ് ബിപിഎല്‍ ലിസ്റിലേക്ക് മാറ്റല്‍, മുച്ചക്ര വാഹനം, ഇലക്ട്രോണിക് വീല്‍ ചെയര്‍, വാട്ടര്‍ ബെഡ് തുടങ്ങിയ സഹായങ്ങളും വിതരണം ചെയ്തു.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും പരാതികള്‍ക്കു പരിഹാരം കണ്െടത്താനുണ്ടായിരുന്നു.

രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കെ.എം.മാണി, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി വാര്യര്‍, ജില്ലാ കളക്ടര്‍ യു.വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.