ബാര്‍ കോഴ കേസില്‍ അന്തിമറിപ്പോര്‍ട്ട് ഉടന്‍; നുണപരിശോധനയ്ക്കില്ലെന്നു ബാറുടമകള്‍
Tuesday, May 26, 2015 1:23 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ നുണപരിശോധനയ്ക്കു വിധേയരാകാന്‍ സന്നദ്ധരല്ലെന്നു ബാറുടമകള്‍ വിജിലന്‍സ് പ്രത്യേക കോടതിയെ രേഖാമൂലം അറിയിച്ചു. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ ഡി. രാജ്കുമാര്‍ ഉണ്ണി, പി.എം. കൃഷ്ണദാസ്, എം.ഡി. ധനേഷ്, ജോണ്‍ കല്ലാട്ട് എന്നിവര്‍ അഭിഭാഷകന്‍ മുഖേനയാണു തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്. ബാറുടമകള്‍ നിലപാട് അറിയിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപേക്ഷയിലെ തുടര്‍നടപടികള്‍ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ അവസാനിപ്പിച്ചു.

നുണപരിശോധനയ്ക്കു തയാറാകേണ്ടതില്ലെന്ന ഡോക്ടര്‍മാരുടെയും നിയമവിദഗ്ധരുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബാറുമടകള്‍ നിലപാടു സ്വീകരിച്ചതെന്ന് അഭിഭാഷകന്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. വിജിലന്‍സിനു നല്‍കിയ മൊഴിക്കു വിരുദ്ധമായി നുണപരിശോധന ഫലം വന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന സാഹചര്യം ഓഴിവാക്കാനാണു ബാറുടമകളുടെ നീക്കം. ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലംകൂടി ലഭിച്ച സാഹചര്യത്തില്‍ അന്തിമറിപ്പോര്‍ട്ട് ഉടന്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പായി.


അതേസമയം, കോഴപ്പണം മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവരില്‍നിന്നു പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജി ജൂണ്‍ 10 ന് കോടതി പരിഗണക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.