എട്ടാം ക്ളാസ് വരെ കുട്ടികളെ തോല്‍പ്പിക്കരുത്: ഹൈക്കോടതി
എട്ടാം ക്ളാസ് വരെ കുട്ടികളെ തോല്‍പ്പിക്കരുത്: ഹൈക്കോടതി
Tuesday, May 26, 2015 1:25 AM IST
കൊച്ചി: പഠന നിലവാരം കുറഞ്ഞുവെന്ന പേരില്‍ എട്ടാം ക്ളാസ് വരെ കുട്ടികളെ തോല്‍പ്പിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ പാഠ്യക്രമമുള്ള എറണാകുളം തേവയ്ക്കല്‍ വിദ്യോദയ സ്കൂള്‍ തന്റെ മകന് ആറാം ക്ളാസില്‍നിന്ന് ഏഴാം ക്ളാസിലേക്കു സ്ഥാനക്കയറ്റം നല്‍കാത്തതിനെ ചോദ്യംചെയ്തു പെരുമ്പാവൂര്‍ സ്വദേശിനിയായ അമ്മ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്.

2009ലെ കേന്ദ്ര വിദ്യാഭ്യാസ നിയമമനുസരിച്ചു നിര്‍ബന്ധിതവും സൌജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പാക്കണം. ഭരണഘടന അനുശാസിക്കുന്ന മൌലികാവകാശത്തിന്റെ ഭാഗമാണിത്.

ഒരു കുട്ടി അംഗീകൃത സ്കൂളില്‍ പ്രവേശനം നേടിക്കഴിഞ്ഞാല്‍ 14 വയസുവരെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ തടസമില്ലാതെ കടന്നുപോകണമെന്നു കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ 13, 16, 17 സെക്ഷനുകളില്‍ വിശദീകരിച്ചിട്ടുണ്ട്. ആ നിലയ്ക്ക് 14 വയസാകുമ്പോഴേക്കും കുട്ടി എട്ടാം ക്ളാസിലെത്തണം. ഇതിനിടയിലുള്ള വിവിധ പ്രായത്തില്‍ ആനുപാതികമായ ക്ളാസുകളില്‍ പഠിച്ചു കുട്ടി എട്ടാം ക്ളാസിലെത്തണം. ഇതിനിടെ, നിലവാരമില്ലെന്ന പേരില്‍ സ്കൂള്‍ അധികൃതര്‍ക്കു കുട്ടികളെ ഒരു ക്ളാസിലും തടഞ്ഞുവയ്ക്കാനാവില്ല. കുട്ടിക്ക് ഉയര്‍ന്ന ക്ളാസിലേക്കു പോകാനുള്ള നിലവാരമില്ലെന്നു കണ്െടത്തിയാല്‍ അതു സ്കൂളിന്റെ പരിശീലനത്തിലെ പോരായ്മയാണു കാണിക്കുന്നത്. ഇതിന്റെ പേരില്‍ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം തടസപ്പെടുത്താനാവില്ല.


ഹര്‍ജിക്കാരിയുടെ മകന് ഏഴാം ക്ളാസിലേക്കു സ്ഥാനക്കയറ്റം നല്‍കാനും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഓരോ ക്ളാസിലും കുട്ടികള്‍ പുലര്‍ത്തേണ്ട മികവിനെക്കുറിച്ചു സിബിഎസ്ഇ ബോര്‍ഡിന്റെ നിര്‍ദേങ്ങള്‍ നിലവിലുണ്െടന്നും ഇതു പാലിക്കാത്ത കുട്ടികള്‍ക്കാണു സ്ഥാനക്കയറ്റം നിഷേധിക്കുന്നതെന്നും സ്കൂള്‍ അധികൃതര്‍ വാദിച്ചെങ്കിലും ഹൈക്കോടതി ഇത് അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.