അരുവിക്കരയില്‍ അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കര ആവര്‍ത്തിക്കുമോ?
അരുവിക്കരയില്‍ അച്യുതാനന്ദന്‍ നെയ്യാറ്റിന്‍കര ആവര്‍ത്തിക്കുമോ?
Thursday, May 28, 2015 12:24 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: പിറവവും നെയ്യാറ്റിന്‍കരയും കടന്നു അരുവിക്കരയിലെത്തുമ്പോള്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമാകുമെന്നു കണക്കുകൂട്ടുന്ന സിപിഎമ്മിന് ഉള്‍പ്പാര്‍ട്ടി വിഷയങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടും ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

പാര്‍ട്ടിയും അച്യുതാനന്ദനും കുറച്ചുകാലമായി രണ്ടുവഴിക്കാണ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരേ ഒറ്റയാനായി നീങ്ങുമ്പോള്‍ അദ്ദേഹത്തിനെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയാണു നേതൃത്വം തിരിച്ചടിക്കുന്നത്.

അച്യുതാനന്ദനും പാര്‍ട്ടിയും പരസ്പരം വാളോങ്ങി നില്‍ക്കുന്നതിനിടെയാണു പൊടുന്നനെ അരുവിക്കര ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസമായ 2012 ജൂണ്‍ രണ്ടിനു സിപിഎമ്മിനെ ഞെട്ടിച്ചു വി.എസ് ഒഞ്ചിയത്തു ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച സംഭവം സിപിഎം മറക്കാനിടയില്ല. ഇതിനു സമാനമല്ലെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ പാര്‍ട്ടി സെക്രട്ടേറിയറ്റ് പരസ്യപ്പെടുത്തിയ പ്രമേയത്തിന്മേല്‍ ഒരു പൊട്ടിത്തെറി സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പു സമയം വി.എസ് അതിനായി ഉപയോഗപ്പെടുത്തുമോയെന്നതാണ് ഇനി കാണേണ്ടത്.

യുഡിഎഫ് പ്രതിസന്ധിയിലാകുമ്പോഴെല്ലാം അച്യുതാനന്ദന്‍ അവരുടെ രക്ഷയ്ക്കെത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണു സിപിഎം സെക്രട്ടേറിയറ്റ് പരസ്യപ്പെടുത്തിയ പ്രമേയത്തിലുള്ളത്. കൂടാതെ സമാന്തര പാര്‍ട്ടി നേതൃത്വത്തിനു ശ്രമിക്കുന്ന അദേഹത്തെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുകയാണ്. അരുവിക്കരയില്‍ സിപിഎമ്മിനു ജീവന്മരണ പോരാട്ടമാണ്. അധികം വൈകാതെ അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ഥിയെ സിപിഎം പ്രഖ്യാപിക്കും.

ടി.എം. ജേക്കബിന്റെ മരണത്തെത്തുടര്‍ന്നു പിറവത്ത് ഉപതെരഞ്ഞെടുപ്പു വന്നപ്പോള്‍ അവിടെ ജയിച്ചുവരാമെന്ന പ്രതീക്ഷയൊന്നും സിപിഎമ്മിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പിറവത്തെ തോല്‍വി പാര്‍ട്ടിയെ അലോസരപ്പെടുത്തിയുമില്ല. എന്നാല്‍ സിപിഎം എംഎല്‍എയായിരുന്ന ആര്‍.ശെല്‍വരാജ് പാര്‍ട്ടി വിട്ടതും തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ നെയാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചതും പാര്‍ട്ടിക്കു വലിയ ക്ഷീണമുണ്ടാക്കി. ഈ തോല്‍വിയുടെ പാപഭാരം വി.എസ് അച്യുതാനന്ദന്റെ തലയിലാണു പാര്‍ട്ടി കെട്ടിവച്ചത്.


ജയിക്കാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പു ദിവസം അച്യുതാനന്ദന്‍ ഒഞ്ചിയത്തു പോയതാണു തോല്‍വിക്കു കാരണമായതെന്നാണു പാര്‍ട്ടി കണ്െടത്തിയത്. ടി.പിയുടെ വീട്ടില്‍ പോയതു തെറ്റാണെന്നു പിന്നീട് അദ്ദേഹം സമ്മതിച്ചു. ചുരുക്കത്തില്‍ നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടി തോല്‍ക്കണമെന്നു വി.എസ് ആഗ്രഹിച്ചുവെന്നു പറഞ്ഞാല്‍ ആരെയും തെറ്റുപറയാനാകില്ല.

പാര്‍ട്ടിവിരുദ്ധനെന്നു പലകുറി അച്യുതാനന്ദനെ തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വത്തിനു അരുവിക്കരയിലും പ്രധാന ആശ്രയം പ്രതിപക്ഷ നേതാവു തന്നെയായിരിക്കും. ഇപ്പോള്‍ വി.എസ് പക്ഷക്കാരനല്ലെങ്കിലും സ്ഥാനാര്‍ഥിയാകാന്‍ കൂടുതല്‍ സാധ്യതയുള്ള എം. വിജയകുമാറിനോടു വി.എസിനു അതൃപ്തിയൊന്നുമില്ല. വി.എസിനെതിരെ സിപിഎം സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പുവരെ അദ്ദേഹം പാര്‍ട്ടിക്കൊപ്പം ഉണ്ടാകണമെന്നതാണു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.

അടുത്ത മാസം ഏഴ്, എട്ട് തീയതികളിലാണു സിപിഎം കേന്ദ്ര കമ്മിറ്റി. അച്യുതാനന്ദന്റെ പരസ്യ പ്രസ്താവനകളും അദ്ദേഹത്തിനെതിരെ സംസ്ഥാന നേതൃത്വം കൊണ്ടുവന്ന പ്രമേയവും കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണു നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.

വി.എസിനെതിരെ എന്ത് അച്ചടക്കനടപടി സ്വീകരിച്ചാലും അദ്ദേഹം പ്രകോപിതനാകുമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തെ പിണക്കാതെ മുന്നോട്ടുപോകണമെന്ന നിലപാടു തന്നെയായിരിക്കും കേന്ദ്ര നേതൃത്വവും സ്വീകരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.