സാധാരണക്കാരെ വെല്ലുവിളിച്ചാല്‍ കനത്ത പ്രത്യാഘാതം: രാഹുല്‍ ഗാന്ധി
സാധാരണക്കാരെ വെല്ലുവിളിച്ചാല്‍ കനത്ത പ്രത്യാഘാതം: രാഹുല്‍ ഗാന്ധി
Thursday, May 28, 2015 12:27 AM IST
പോള്‍ മാത്യു


ചാവക്കാട്: കോണ്‍ഗ്രസ് പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ മത്സ്യത്തൊഴിലാളി സംഘടന രൂപീകരിക്കുമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളടക്കമുള്ള സാധാരണക്കാരെ കേന്ദ്രസര്‍ക്കാര്‍ വെല്ലുവിളിച്ചാല്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ചാവക്കാട് ബ്ളാങ്ങാട് ബീച്ചില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ആത്മാവിനോടാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി. നാടിനെ വെല്ലുവിളിച്ചവര്‍ വിജയിച്ച ചരിത്രമുണ്ടായിട്ടില്ലെന്ന് ഓര്‍ക്കണം. മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ആദിവാസികള്‍ക്കും മറ്റു തൊഴിലാളികള്‍ക്കും വേണ്ടിയും അവരുടെ സംരക്ഷണത്തിനായും പാര്‍ട്ടി ഒന്നടങ്കം പോരാട്ടം നടത്തുമെന്നു രാഹുല്‍ പ്രഖ്യാപിച്ചു.

ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ പോരാട്ടം എന്നതാണു മത്സ്യത്തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥ. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി അവരുടെ പോരാട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴുമുണ്ടാകും. മോദിയുടെ കൂട്ടുകാരായ നാലോ അഞ്ചോ കോര്‍പറേറ്റുകള്‍ക്കുവേണ്ടി കീഴടങ്ങുന്ന പ്രശ്നമില്ല.

നട്ടുച്ചയ്ക്കു കോട്ടും സ്യൂട്ടും ധരിച്ചുവരുന്ന കള്ളന്‍മാരെപ്പോലെയാണു മോദിയും കൂട്ടരും. രാത്രിയും പകലും കള്ളന്‍മാരെ പേടിച്ചു ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളത്. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രാത്രിയിലെത്തുന്ന കള്ളന്‍മാരേക്കാള്‍ ഭയാനകമാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ജനങ്ങളെ അഭിമുഖീകരിക്കാന്‍ മോദി മറന്നുവെന്നു രാഹുല്‍ തുറന്നടിച്ചു. ദുര്‍ബലരായ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരെ അടിച്ചമര്‍ത്തിയാല്‍ കുഴപ്പമില്ലെന്നാണു മോദിയുടെ അഭിപ്രായം. എന്നാല്‍, യഥാര്‍ഥ ശക്തി മനസിലാക്കാതെയാണു മോദിയുടെ നീക്കം. കര്‍ഷകരുടെ അമ്മയാണു ഭൂമി. മത്സ്യത്തൊഴിലാളികളുടെ അമ്മയാണു കടല്‍. അമ്മയെ എടുത്തുമാറ്റി മറ്റു ചിലര്‍ക്കു കൈമാറുന്ന രീതിയാണു മോദി ചെയ്യുന്നത്. മോദിയുടെ കോര്‍പറേറ്റുകളായ സുഹൃത്തുക്കള്‍ക്കു പണമുണ്ടാക്കി കൊടുക്കുന്നതിലുള്ള കാര്യക്ഷമത പോലും പാവപ്പെട്ടവരായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കാര്യത്തിലില്ല. ട്രോളിംഗ് മുതലാളിമാര്‍ക്കു പണമുണ്ടാക്കി കൊടുക്കുന്നതിലാണ് മോദിക്കു കാര്യക്ഷമതയെന്നു രാഹുല്‍ വിമര്‍ശിച്ചു.

ആദിവാസികളുടെ വനഭൂമിയും കവര്‍ന്നെടുക്കുകയാണ്. കര്‍ഷകരോടും തൊഴിലാളികളോടും എന്തിനാണിത്ര വിരോധമെന്നു രാഹുല്‍ ചോദിച്ചു.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. ബാബു, സി.എന്‍. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, എംപിമാരായ കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, വി.ടി. ബലറാം, പി.സി. വിഷ്ണുനാഥ്, എം.പി. വിന്‍സന്റ്, കെപിസിസി ഭാരവാഹികളായ പത്മജ വേണുഗോപാല്‍, വി. ബാലറാം, മേയര്‍ രാജന്‍ പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍, കെ.പി. വിശ്വനാഥന്‍, മുന്‍ എംപി പി.സി. ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

വി.ടി. ബല്‍റാം എംഎല്‍എ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് വഞ്ചി ഉപഹാരമായി നല്‍കി. വേദിയിലെത്തിയ രാഹുലിനെ ടി.എന്‍. പ്രതാപന്‍ എംഎല്‍എ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ തലയില്‍ ധരിക്കുന്ന പ്രത്യേകതരം ഓലക്കുട നല്‍കിയാണ് സ്വീകരിച്ചത്. മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ വകയായി ഖാദി വസ്ത്രങ്ങളും നല്‍കി.

തറയില്‍ ചമ്രം പടിഞ്ഞിരുന്നു; കപ്പയും മീന്‍കറിയും കഴിച്ചു

കെ.ടി. വിന്‍സെന്റ്

ചാവക്കാട്: മത്സ്യത്തൊഴിലാളിയുടെ വീട്ടിലെ തറയില്‍ വിരിച്ച പായയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചമ്രം പടിഞ്ഞിരുന്നു. മണ്‍കലത്തില്‍നിന്നു സ്റീല്‍ പ്ളേറ്റിലേക്കു വിളമ്പിയ കപ്പയിലേക്ക് മണ്‍ചട്ടിയിലെ മീന്‍കറി ഒഴിച്ചു രുചിയോടെ കഴിച്ചു. ഒപ്പം മീന്‍ വറുത്തതും ചമ്മന്തിയും രുചിച്ചു.

നാല്പതു വര്‍ഷമായി മത്സ്യബന്ധനവുമായി കഴിയുന്ന കിഴക്കൂട്ട് കരുണാകരന്റെ വീട്ടില്‍നിന്നാണ് രാഹുല്‍ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചശേഷം വിഭവങ്ങളെല്ലാം വളരെ നന്നായിട്ടുണ്െടന്നു പറഞ്ഞു രാഹുല്‍ കരുണാകരനെ കെട്ടിപ്പുണര്‍ന്നു.

പിന്നീടു ചാവക്കാട്ടെ പൊതുസമ്മേളന വേദിയിലെത്തിയ രാഹുല്‍ പ്രസംഗം ആരംഭിച്ചതുതന്നെ കരുണാകരന്റെ വീട്ടിലെ നല്ല ഭക്ഷണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു. “ഇന്നു ഞാന്‍ ഉച്ചഭക്ഷണം കഴിച്ചത് ഇവിടത്തെ സാധാരണ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍നിന്നാണ്. വളരെ രുചിയുള്ള ഭക്ഷണമാണ് അവര്‍ ഒരുക്കിയിരുന്നത്. ആ ഭക്ഷണത്തിന്റെ രുചി ഓര്‍ക്കുമ്പോള്‍ എന്നും ഇവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹം. എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകും’: രാഹുല്‍ പറഞ്ഞു.

കോളനിയിലെത്തിയ രാഹുല്‍ഗാന്ധി കുട്ടികളെ കൈയിലെടുക്കുകയും ലാളിക്കുകയും തലോടുകയും അരികിലേക്കു വിളിച്ചു മടിയിലിരുത്തുകയും ചെയ്തു. സ്ത്രീകള്‍ അടക്കമുള്ള കോളനി നിവാസികള്‍ക്ക് ഹസ്തദാനം നല്‍കി. എസ്പിജി ഒരുക്കിയ എല്ലാ സുരക്ഷാക്രമീകരണങ്ങളേയും മാറ്റിനിര്‍ത്തിക്കൊണ്ട് മത്സ്യത്തൊഴിലാളികളുമായി വളരെ അടുത്തിടപഴകിയ രാഹുല്‍ കുടുംബാംഗങ്ങളുടെ മനം കവര്‍ന്നു.

ചാവക്കാട് മുനിസിപ്പാലിറ്റി 23 -ാം വാര്‍ഡിലാണ് രാഹുല്‍ സന്ദര്‍ശിച്ച മത്സ്യത്തൊഴിലാളി കോളനി. കൌണ്‍സിലറും പ്രതിപക്ഷനേതാവുമായ കെ.കെ. കാര്‍ത്ത്യായനിക്കും രാഹുലിന് അരികില്‍ നില്‍ക്കാനും ഇരിക്കാനും അവസരം ലഭിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അപൂര്‍വവും അസുലഭവുമായ അനുഭവമാണിതെന്ന് അവര്‍ പറഞ്ഞു.

കടലും കൃഷിയിടവും വിട്ടുകൊടുക്കില്ല

സ്വന്തം ലേഖകന്‍

ചാവക്കാട്: കടല്‍ നമ്മുടെ അമ്മയാണ്, അമ്മയെ വിട്ടുകൊടുക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളോടു പറഞ്ഞു. ചാവക്കാട്ട് അമ്പത്തൊന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന കോളനി സന്ദര്‍ശിച്ചശേഷം നിവാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കടല്‍ മത്സ്യത്തൊഴിലാളികളുടേതാണ്. ഭൂമി കര്‍ഷകന്റേയും. രണ്ടും വിട്ടുകൊടുക്കില്ല. പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ശക്തി ആരായാലും എതിരേ പോരാടാന്‍ താനും ഒപ്പമുണ്ടാകുമെന്നു രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി.

കോളനിയിലെ വാഴപ്പിള്ളി അഷറഫിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം കയറിയത്. 12 വീടുകളില്‍ കയറി വിശേഷങ്ങള്‍ തിരക്കി. തുടര്‍ന്നു മത്സ്യത്തൊഴിലാളികളെ വിളിച്ചുകൂട്ടി അവരുടെ ദുഃഖങ്ങളും പ്രയാസങ്ങളും ചോദിച്ചറിഞ്ഞു.

കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞുവരികയാണെന്നും ജീവിക്കാന്‍ വഴിയില്ലെന്നും പരാതിപ്പെട്ട നിവാസികള്‍ വിദേശ രാജ്യങ്ങളുടേയും കുത്തകകളുടേയും തീരദേശ മത്സ്യബന്ധനമാണു മുഖ്യകാരണമെന്നു വിവരിച്ചു. വലിയ ബോട്ടുകളും ട്രോളറുകളും തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതു തൊഴിലാളികള്‍ക്കു ദ്രോഹമാണ്. ദീര്‍ഘകാലം മത്സ്യബന്ധനം നടത്തി രോഗികളായിത്തീര്‍ന്നവരുടെ ദുരിതജീവിതവും അവര്‍ രാഹുലിനു മുന്നില്‍ വിശദീകരിച്ചു.

രാഹുലിനോടൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവരും ഉണ്ടായിരുന്നു. കോളനിയിലെ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാമെന്നു രാഹുല്‍ കൂടിയാലോചിച്ചു. തുടര്‍ന്നു കോളനിയില്‍തന്നെ വേദിക്കു പുറത്തുണ്ടായിരുന്ന മന്ത്രി കെ. ബാബുവിനെ അകത്തേക്കു വിളിച്ചുവരുത്തി. മുഖ്യമന്ത്രിയും മന്ത്രി ബാബുവും കൂടിയാലോചിച്ചശേഷം ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കോളനിയിലെ കേടുവന്ന വീടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ അരലക്ഷം രൂപ വീതം നല്‍കും. ഇരട്ടവീടുകള്‍ ഒറ്റവീടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ധനസഹായം നല്‍കും. അപേക്ഷ നല്‍കിയാല്‍ രോഗികള്‍ക്കു ചികിത്സാസഹായം നല്‍കും.

കോളനിയിലെ 25 കുട്ടികള്‍ തയാറാക്കിയ നിവേദനം കുട്ടികള്‍തന്നെ രാഹുല്‍ ഗാന്ധിക്കു കൈമാറി. കോളനിയിലെ ഒരു വീട് ആംഗന്‍വാടിയാക്കിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആംഗന്‍വാടിക്കു സ്വന്തം സ്ഥലവും കെട്ടിടവും വേണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. ഈ ആവശ്യവും അംഗീകരിച്ചു നടപ്പാക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

കോളനിയിലുള്ളവരോടു ഹിന്ദിയിലും ഇംഗ്ളീഷിലുമുള്ള രാഹുലിന്റെ സംഭാഷണം മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമാണ് പരിഭാഷപ്പെടുത്തിയത്. തിരികേ കോളനിനിവാസികളുടെ പരാതികളും അവര്‍തന്നെ ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തി രാഹുലിനെ ബോധ്യപ്പെടുത്തി. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാര്യങ്ങളെല്ലാം മത്സ്യത്തൊഴിലാളികളോടു വിശദീകരിച്ചശേഷമാണ് എല്ലാവരും മടങ്ങിയത്.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു രാഹുല്‍

കൊച്ചി: രാജ്യത്തെ കര്‍ഷകര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ജനങ്ങളും മോദി ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജനങ്ങളെല്ലാം മോദിയുടെ ഭരണത്തില്‍ അതൃപ്തരാണ്. റബര്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഏലം കര്‍ഷകരുടെയുമെല്ലാം പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും. അവര്‍ക്കുവേണ്ടി പാര്‍ട്ടി നിലകൊള്ളും. സമ്പന്നരായ ഏതാനും പേര്‍ മാത്രമാണു മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഉറ്റുനോക്കുന്നത്. അവര്‍ മാത്രമാണ് ഈ ഭരണത്തില്‍ തൃപ്തരെന്നും അദ്ദേഹം പറഞ്ഞു.

ആലുവ പാലസില്‍ ഇന്നലെ ഉച്ചയ്ക്ക് 1.20 നാണ് രാഹുല്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും രാഹുലിന്റെ വാഹനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് റബര്‍ കര്‍ഷകരുമായി ഒരു മണിക്കൂറോളം സമയം അദ്ദേഹം ആശയവിനിമയം നടത്തി. ഭക്ഷണത്തിനുശേഷം 3.20ന് ആലുവയില്‍ നിന്ന് നെടുമ്പാശേരിയിലേക്കു പോയി.

യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഫിഷറീസ് മന്ത്രി കെ.ബാബു, കെ.സി വേണുഗോപാല്‍ എംപി, എംഎല്‍എമാരായ വി.ഡി. സതീശന്‍, വി.പി. സജീന്ദ്രന്‍, ബെന്നി ബഹന്നാന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി. ജേക്കബ്, കൊച്ചി മേയര്‍ ടോണി ചമ്മണി, ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ് പറവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വത്സലാ പ്രസന്നകുമാര്‍, മുന്‍ എംപി കെ.പി. ധനപാലന്‍ തുടങ്ങിയവര്‍ ആലുവ പാലസില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.

രാമനിലയം ജീവനക്കാരുമൊത്തു ഫോട്ടോസെഷന്‍

തൃശൂര്‍: രാവിലെ വെള്ള കുര്‍ത്തയും പൈജാമയുമണിഞ്ഞു ചാവക്കാട്ടേക്കു പോകാനായി മുറിക്കു പുറത്തിറങ്ങിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആദ്യമെത്തിയതു രാമനിലയത്തിലെ റിസപ്ഷനിലേക്കാണ്.

അവിടെ തന്നെ കാത്തിരുന്ന ജീവനക്കാരോടു കുശലാന്വേഷണം നടത്തി സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നന്ദി പ്രകാശിപ്പിച്ച് രാഹുല്‍ അവരിലൊരാളായി മാറി. പിന്നെ രാഹുല്‍ തന്നെ മുന്‍കൈയെടുത്ത് ഫോട്ടോ സെഷന്‍. രാമനിലയത്തിലെ റസ്ററന്റിലെ ജീവനക്കാരടക്കമുള്ളവര്‍ രാഹുല്‍ഗാന്ധിയുമൊത്തുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ ഇടം പിടിച്ചു.

പ്രാതലിന് ഇഡ്ഡലിയും പൂരിയും തയാറാക്കി; രാഹുല്‍ കഴിച്ചതു ചായയും ബിസ്കറ്റും

തൃശൂര്‍: പഞ്ഞിപോലെ മൃദുവായ ഇഡ്ഡലിയും ചട്ണിയും സാമ്പാറും, മൊരിഞ്ഞ പൂരിയും സബ്ജിയും. രാമനിലയത്തില്‍ താമസിച്ച രാഹുല്‍ ഗാന്ധിക്ക് ഇന്നലെ രാവിലെ നല്‍കിയ പ്രാതല്‍വിഭവങ്ങള്‍ കേരളീയ ശൈലിയും ഉത്തരേന്ത്യന്‍ ശൈലിയും സമന്വയിപ്പിച്ചതായിരുന്നു.

203-ാം നമ്പര്‍ മുറിയിലേക്കു ഭക്ഷണം കൊണ്ടുപോയത് എസ്പിജിയുടെ മേല്‍നോട്ടത്തില്‍ രാഹുലിന്റെ അറ്റന്‍ഡറായിരുന്നു. ഇഡ്ഡലിയും പൂരിയും രുചിച്ചുനോക്കിയെങ്കിലും രാഹുല്‍ കൂടുതല്‍ കഴിച്ചതു ഡല്‍ഹിയില്‍നിന്നെത്തിയ സുരക്ഷാ സേനാംഗങ്ങള്‍ കൊണ്ടുവന്ന ബിസ്കറ്റുകളാണ്. രാവിലെ ലളിതമായ പ്രാതലാണ് താത്പര്യമെന്നതുകൊണ്ട് അല്പം മാത്രമേ കഴിച്ചുള്ളു. ഭക്ഷണം ഇഷ്ടപ്പെട്ടെന്നു പിന്നീടു അറിയിച്ചതോടെ രാമനിലയം ജീവനക്കാരും അടുക്കളയുടെ ചുമതലക്കാരും ഹാപ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.