കര്‍ഷകപ്രതിഷേധമിരമ്പി ഉപവാസസമരം
കര്‍ഷകപ്രതിഷേധമിരമ്പി ഉപവാസസമരം
Thursday, May 28, 2015 11:57 PM IST
കോട്ടയം: കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തുനടന്ന ഉപവാസ സമരത്തില്‍ കര്‍ഷകരുടെ പ്രതിഷേധമിരമ്പി. ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാടുവാന്‍ കര്‍ഷകരെ കിട്ടില്ലെന്ന് ആവര്‍ത്തിച്ചുപ്രഖ്യാപിക്കുന്നതായിരുന്നു സമരം. കോട്ടയം തിരുനക്കര പോലീസ് സ്റേഷന്‍ മൈതാനത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കര്‍ഷകരാണ് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കലിനൊപ്പം ആറുമണിക്കൂര്‍ ഉപവാസസമരത്തില്‍ പങ്കെടുത്തത്.

റബര്‍ ഉള്‍പ്പെടെയുളള കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവിനെതിരേ പ്രതികരിക്കുന്ന പ്ളക്കാര്‍ഡുകളും പതാകകളും കൈകളിലേന്തിയാണു കര്‍ഷകര്‍ ഉപവാസത്തില്‍ പങ്കെടുത്തത്. എസ്കെഎസ്, ഹൈറേഞ്ച് സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ജാഥയായി സമരപന്തലിലെത്തി.

സമരവേദിയില്‍ മാര്‍ മാത്യു അറയ്ക്കലിനെയും മറ്റു കര്‍ഷകസംഘടന പ്രതിനിധികളെയും പച്ച ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തൊപ്പിപ്പാളയണിഞ്ഞ് സ്ത്രീകളും കുട്ടികളും സമരത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ഇന്‍ഫാം, കര്‍ഷകവേദി, ഹൈറേഞ്ച് കര്‍ഷക സമിതി തുടങ്ങി 32ല്‍പ്പരം സംഘടനകള്‍ നേതൃത്വം നല്‍കിയ ഉപവാസസമരത്തില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.


രാവിലെ 10ന് സംഘാടക സമിതി ചെയര്‍മാന്‍ ഡിജോ കാപ്പന്‍ ആമുഖ പ്രഭാഷണം നടത്തി. സെന്റര്‍ ഫോര്‍ ഫാര്‍മേഴ്സ് ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ച് ചെയര്‍മാന്‍ പി.സി. ജോസഫ് സ്വാഗതപ്രസംഗം നടത്തി.

ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വിജയപുരം ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍, ക്നാനായ സുറിയാനി സഭ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സമരപന്തലിലെത്തി മാര്‍ മാത്യു അറയ്ക്കലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ ജോസഫ് കല്ലറങ്ങാട്ടും ചേര്‍ന്നു മാര്‍ മാത്യു അറയ്ക്കലിനെ ഏലയ്ക്കാ മാല അണിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.