യൂത്ത് കോണ്‍ഗ്രസ് സംഘടനാപ്രമേയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു വിമര്‍ശനം
Thursday, May 28, 2015 12:22 AM IST
പി. ജിബിന്‍

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അധികാരസ്ഥാനത്തുനിന്നു മാറാന്‍ ശ്രമിക്കുന്നില്ലെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിലെ സംഘടനാപ്രമേയം. ഒരു ഗ്രൂപ്പിലും പെടാത്തവര്‍ക്കു കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാത്ത അപകടകരമായ അവസ്ഥയാണുളളതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍ അവതരിപ്പിച്ച സംഘടനാപ്രമേയം പറയുന്നു.

അതേസമയം സര്‍ക്കാരിനും മുന്നണിക്കുമെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായിരുന്ന രാഷ്ട്രീയ പ്രമേയം അവസാനനിമിഷം മയപ്പെടുത്തി. ആഭ്യന്തരവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമാണുണ്ടായിരുന്നത്.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ മുന്നണിക്കും പാര്‍ട്ടിക്കും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഉന്നത നേതാക്കള്‍ ഇടപെട്ടാണ് ആഭ്യന്തര വിഷയങ്ങള്‍ മാത്രമായി തിരുത്തിയത്.

കോണ്‍ഗ്രസ് വേദികളില്‍ എത്തിനോക്കാന്‍ അനുവദിക്കാത്ത നേതാക്കള്‍, യൂത്ത് കോണ്‍ഗ്രസ് വേദികള്‍ തങ്ങളുടെ ഫോട്ടോ സെഷനുകളാക്കിയും പ്രസംഗ പരീശിലനക്കളരിയാക്കിയും ആത്മനിര്‍വൃതി അടയുന്നുവെന്നും സംഘടനാപ്രമേയത്തില്‍ പരിഹസിക്കുന്നുണ്ട്. വരാന്‍പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കള്‍ക്ക് 50 ശതമാനം സീറ്റ് നല്‍കണമെന്നും ആവശ്യമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണുളളത്.

എംഎല്‍എമാര്‍ക്ക് മണ്ഡലങ്ങള്‍ പതിച്ചുനല്‍കി പാര്‍ട്ടി സ്ഥാനങ്ങളും മറ്റും പകുത്തുനല്‍കാന്‍ അവകാശവും അധികാരവും നല്‍കിയ നേതൃത്വം ഈ പാര്‍ട്ടിയെ എവിടേക്കാണു നയിക്കുന്നത്. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്ന ചാതുര്‍വണ്യ മനോഭാവം അവസാനിപ്പിച്ചേ മതിയാവൂ. പാര്‍ട്ടി നേതാക്കന്‍മാരുടെ ഗ്രൂപ്പ് താത്പര്യങ്ങളെയും അനാവശ്യമായ ഇടപെടലുകളേയും കണക്കിനു വിമര്‍ശിക്കുന്ന പ്രമേയത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ അംഗീകാരം നല്‍കിയില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഗ്രൂപ്പ് മാനേജര്‍മാര്‍ ഉന്തി മരം കേറ്റിയവര്‍ മുകളിലോട്ടോ താഴോട്ടോ എന്നറിയാതെ നേതാവിന്റെ ആജ്ഞകള്‍ക്കായി കാത്തിരിക്കുന്നത് സംഘടനയുടെ ശാപമാണ്. കോണ്‍ഗ്രസ് നേതൃത്വം ഈ സംഘടനയില്‍ നടത്തുന്ന അനാവശ്യ ഇടപ്പെടലുകള്‍ അവസാനിപ്പിക്കണം. കൈയും കാലും ബന്ധിച്ചു നീന്തല്‍ പഠിപ്പിക്കുന്ന സാഡിസം അവസാനിപ്പിച്ചേ മതിയാവൂവെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിന് കഴിഞ്ഞ ഒരു വര്‍ഷമായി ആലസ്യം ബാധിച്ചിരിക്കുന്നു. ഒരു കാലത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദികളില്‍ സഹകരിപ്പിക്കേണ്െടന്നും താക്കോല്‍ സ്ഥാനങ്ങള്‍ കൈയടക്കണമെന്നും പറഞ്ഞ യുവതുര്‍ക്കികള്‍ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഗിന്നസ് റിക്കാര്‍ഡ് സ്ഥാപിക്കുകയാണ്.


താത്പര്യമില്ലാത്തവരുള്‍പ്പെട്ട പ്രവര്‍ത്തന സജ്ജരല്ലാത്തതുമായ കമ്മറ്റികള്‍ ഒഴിവാക്കണം. പ്രവര്‍ത്തിക്കാന്‍ മനസില്ലാത്തവര്‍ മനഃപൂര്‍വം ഉണ്ടാക്കുന്ന ഗ്രൂപ്പ് വൈരങ്ങള്‍ പ്രസ്ഥാനത്തിന് കളങ്കം ചാര്‍ത്തും. അഴിമതിക്കെതിരെ മുഖം നോക്കാതെ നിലപാടെടുക്കാന്‍ തയ്യാറാകണം. അഴിമതി ഇന്ന് ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ വെറുക്കുന്ന പദമാണ്. ഡല്‍ഹിയില്‍ നടന്ന രാഷ്ട്രീയ ഉരുള്‍പൊട്ടല്‍ നമുക്കു പാഠമാകണം. സത്യം വിളിച്ചു പറയുമ്പോള്‍, അഴിമതിക്കെതിരേ പട നയിക്കുമ്പോള്‍ ആരെങ്കിലും അസ്വസ്ഥരായാല്‍ അതോര്‍ത്തു സമയം പാഴാക്കേണ്ടതില്ല.

ഇന്നലെകള്‍ സമ്പന്നമായിരുന്നു ഇന്ന് വെളിച്ചം പോരാ എന്നു പറയുന്ന നേതാക്കളെ കുമ്പളങ്ങ കൊണ്ട് ഉത്തരത്തില്‍ തട്ടി ഇപ്പം ശരിയായി എന്ന പറയുന്ന മൂത്താശാരിയുടെ ഈഗോ അവസാനിപ്പിക്കണമെന്നും പ്രമേയം ഓര്‍മിപ്പിച്ചു. ഗ്രൂപ്പ് മാനേജര്‍മാരുടെ ഗുഡ് ബുക്കിലും നേതാക്കന്മാരുടെ കോണ്‍ടാക്ട് ലിസ്റിലും പെടാതെ നാല്‍ക്കവലകളിലും നടവഴിയിലും പീടികത്തിണ്ണയിലും കോണ്‍ഗ്രസിന്റെ നാവായി പ്രവര്‍ത്തിക്കുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സംരക്ഷണം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഒരു ഗ്രൂപ്പിന് മുന്നില്‍ അണിനില്‍ക്കേണ്ടവരല്ല യൂത്ത് കോണ്‍ഗ്രസുകാരെന്നും പ്രമേയം ഓര്‍മിപ്പിക്കുന്നു.

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തും സാംസ്കാരിക സാമൂഹിക കായിക രംഗത്തും യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകണമെന്നും സംഘടനാപ്രമേയത്തില്‍ പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.