സംവരണാനുകൂല്യം ഔദാര്യമല്ല, അവകാശം: മാര്‍ ക്ളീമിസ് ബാവ
സംവരണാനുകൂല്യം ഔദാര്യമല്ല, അവകാശം: മാര്‍ ക്ളീമിസ് ബാവ
Friday, May 29, 2015 10:40 PM IST
തിരുവനന്തപുരം: നാടാര്‍ സമുദായക്കാര്‍ക്കു ലഭിക്കേണ്ട സംവരണാനുകൂല്യം ആരുടെയും ഔദാര്യമല്ല മറിച്ച് അവകാശമാണെന്നു മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോയസ് ക്ളീമിസ് കാതോലിക്കാബാവ. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന നാടാര്‍ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംവരണാനുകൂല്യം സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന തിരിച്ചറിവ് അധികാരികള്‍ക്കുണ്ടാകണം. നീതിയുടെ ശബ്ദം നാടാര്‍ സമുദായാംഗങ്ങള്‍ ഉയര്‍ത്താനായി എത്തിയ ദിനമാണിത്. നാടാര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഹിന്ദുവായും ക്രിസ്ത്യാനിയായും ജീവിക്കുന്നു. ആരാധിക്കുന്ന സ്ഥലമനുസരിച്ച് സംവരണം എന്നതു നീതീകരിക്കാനാകില്ല. അവകാശങ്ങള്‍ നേടിയെടുക്കാനായി ഒരുമിച്ചുള്ള പോരാട്ടത്തിനു തുടക്കമാണിത്. നീതി നിഷേധിക്കപ്പെട്ട അനേകം പേരുടെ സംയുക്ത സമ്മേളനമാണു പുത്തരിക്കണ്ടത്ത് നടന്നത്. ആരുടെയും സംവരണാനുകൂല്യം കവര്‍ന്നെടുക്കുന്നതിനുവേണ്ടിയുള്ളതല്ല.

സംവരണം നേടിയെടുക്കുന്നതില്‍നിന്ന് ഇനി പിന്നോട്ടില്ല. രണ്ടു മുന്നണികളും ഈ സമൂഹത്തോട് അവഗണനയാണു കാട്ടിയത്. സംവരണാനുകൂല്യം നേടിയെടുക്കാന്‍വേണ്ടി ആവശ്യംവന്നാല്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം ഇരിക്കാനും താന്‍ ഒന്നാം നിരയില്‍ ഉണ്ടാവുമെന്നും കര്‍ദിനാള്‍ പറഞ്ഞു.

നാടാര്‍ സമുദായക്കാര്‍ക്കുണ്ടായിരുന്ന സംവരണാനുകൂലം നഷ്ടമായതിന് ഉത്തരം നല്കേണ്ടത് അധികാരികളാണ്. അവര്‍ക്കു ലഭിക്കേണ്ടതു ന്യായമായ അവകാശമാണ്. നാടാര്‍ സമുദായത്തിലെ സംവരണം ലഭിക്കാനുള്ള എല്ലാവര്‍ക്കുംവേണ്ടിയാണ് സംസാരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് നാടാര്‍ സമുദായത്തിലെ എല്ലാവര്‍ക്കും സംവരണാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, സംസ്ഥാനത്തു നടക്കുന്നത് രണ്ടു നീതിയാണ്. നാടാര്‍ സംവരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹരിഹരന്‍ കമ്മിറ്റിയെ നിയോഗിച്ചത് ഏറെ പ്രതീക്ഷ നല്കുന്നുണ്ട്. എന്നാല്‍, ഈ കമ്മിറ്റിക്കെതിരേ ചിലരുടെ നീക്കങ്ങള്‍ ആശങ്ക പരത്തുന്നു.

സംവരണാവകാശം എല്ലാവര്‍ക്കും വാങ്ങിക്കൊടുക്കണം. നാടാര്‍ സമുദായാംഗങ്ങള്‍ക്കു നീതി നിഷേധിക്കുന്നതിന്റെ കാരണം വ്യക്തമല്ല. സംവരണപ്രശ്നത്തില്‍ ന്യായമായ പരിഹാരം അടിയന്തരമായി കണ്െടത്തണം. സംവരണാനുകൂല്യം നിഷേധിക്കപ്പെടുന്ന ജനസമൂഹത്തിനുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയാറാവണം. ഇനിയും ഈ അവഗണന തുടരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.


സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. മാണി പുതിയിടം സമ്മേളനത്തില്‍ വായിച്ചു.

നാടാര്‍ സംവരണം സമുദായത്തിലെ ചില വിഭാഗങ്ങള്‍ക്കു മാത്രം നല്കുന്നതിലുള്ള അപാകതയും അനീതിയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നിട്ടുണ്െടങ്കിലും നീതി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നു മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നീതി പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്നുമുണ്ടാകണം. മതവിശ്വാസം ഓരോ പൌരന്റെയും സ്വാതന്ത്യ്രമാണ്. നാടാര്‍ സമുദായത്തിലെ എല്ലാ വ്യക്തികള്‍ക്കും മതപരിഗണന കൂടാതെ ഏകീകൃത സംവരണം ലഭിക്കണമെന്നത് നീതിയുടെയും ന്യായത്തിന്റെയും വിഷയമാണ്. 1935-ല്‍ അംഗീകരിക്കപ്പെട്ടതും ഇപ്പോഴും തുടരുന്നതുമായ സമുദായ പട്ടികയിലെ അപാകതകള്‍ തിരുത്തി മതപരിഗണന കൂടാതെ എല്ലാ നാടാര്‍ സമുദായാംഗങ്ങള്‍ക്കും ഏകീകൃത സംവരണം ലഭിക്കുന്ന തരത്തില്‍ പട്ടിക പുനഃക്രമീകരിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിലീവേഴ്സ് ചര്‍ച്ച് മേലധ്യക്ഷന്‍ ഡോ.കെ.പി. യോഹന്നാന്‍, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ് ഡോ. എം. എസ്രാ സര്‍ഗുണം, മാര്‍ത്തോമാ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. റവ. എല്‍.ടി. പവിത്രസിംഗ് അവകാശപ്രഖ്യാപനം നടത്തി.
ചടങ്ങിനോടനുബന്ധിച്ച് പി.സി. ജോര്‍ജ് എംഎല്‍എ, ഡോ. എന്‍. സാം, ഡോ. ബി. ശോഭനന്‍, ഡോ. എസ്. റയ്മണ്‍, ഡോ. സജിദാസ്, സത്യജോസ്, പ്രശാന്ത് എന്നിവരെ ആദരിച്ചു.

നാടാര്‍ സംഗമം നാടാര്‍ വിഭാഗത്തിന്റെ ശക്തിപ്രകടനമായി മാറി. പതിനായിരങ്ങള്‍ പ്രകടനമായി പുത്തരിക്കണ്ടം മൈതാനിയിലേക്ക് ഒഴുകിയെത്തി. എല്‍എംഎസ് പരിസരത്തുനിന്നാണ് സമ്മേളനനഗരിയിലേക്കു പ്രകടനം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.