കലാപഠനം: യോഗ്യരല്ലാത്ത അധ്യാപകരെ നിയമിക്കുന്നതിനെതിരേ പ്രക്ഷോഭം
Friday, May 29, 2015 11:34 PM IST
കൊച്ചി: ചിത്രകല, നൃത്തം, സംഗീതം, നാടകം എന്നിവ ഉള്‍പ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും കലാപഠനം നിര്‍ബന്ധിത പാഠ്യവിഷയമാക്കിയിരിക്കെ ഇതിനു യോഗ്യരല്ലാത്ത അധ്യാപകരെ നിയമിക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്നു നാടകവിദ്യാര്‍ഥി വേദി ചെയര്‍പേഴ്സണ്‍ എന്‍. ഷിബിജ, കണ്‍വീനര്‍ ജെ.ബി. ജെബിന്‍ എന്നിവര്‍ അറിയിച്ചു.

നാടകവും നൃത്തവും പഠിപ്പിക്കുന്ന കോളജുകളില്‍ നാടകവിദ്യാര്‍ഥീ വേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടിനു പ്രതിഷേധ ദിനമായി ആചരിക്കും. ജൂണ്‍ രണ്ടാംവാരം സെക്രട്ടേറിയറ്റിനു മുന്നില്‍ നാടകമവതരിപ്പിച്ചു പ്രതിഷേധിക്കും.

കലാപഠനത്തിനായി സ്കൂള്‍ ടൈംടേബിളില്‍ മാറ്റം വരുത്തി പീരീയഡുകളുടെ എണ്ണം ഏഴില്‍നിന്ന് എട്ടാക്കി. മറ്റു വിഷയങ്ങള്‍പ്പോലെ പരീക്ഷയും മൂല്യനിര്‍ണയവും ഗ്രേഡിംഗുമെല്ലാം ഈ വിഷയങ്ങള്‍ക്കും ബാധകമാക്കി. എന്നാല്‍, പുതുക്കിയ പാഠ്യപദ്ധതി ഈ അധ്യയനവര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കലാ അധ്യാപകരെ നിയമിച്ചിട്ടില്ല.

നാടകം, നൃത്തം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അക്കാഡമിക് യോഗ്യതയില്ലാത്തവരെയും നിലവില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെയുമാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ വിദ്യാഭ്യാസ ജില്ലയില്‍നിന്നു രണ്ടു പേര്‍ വീതം 80 അധ്യപകര്‍ക്കു പരിശീലനം നല്‍കുകയും ചെയ്തു.

ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അക്കാഡമിക് യോഗ്യതയുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിന്റെ നിയമനവും പ്രതീക്ഷിച്ചു കഴിയുമ്പോഴാണു പരിചിതമല്ലാത്ത വിഷയങ്ങളില്‍ യോഗ്യരല്ലാത്ത അധ്യപകരെ നിയമിക്കുന്നത്.

സര്‍വകലാശാലകളില്‍നിന്നു നാടകത്തിലും നൃത്തത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുള്ളവരോടു കാട്ടുന്ന കടുത്ത അനീതിയാണിത്. യോഗ്യതയുള്ളവരെ തഴയുന്ന നടപടികളില്‍നിന്ന് അധികൃതര്‍ പിന്‍മാറണമെന്നു വേദി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.