ഇന്ത്യന്‍ സ്പേസ് ഷട്ടില്‍ പരീക്ഷണം ഓഗസ്റില്‍
Saturday, May 30, 2015 12:03 AM IST
തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ സ്പേസ് ഷട്ടിലായ ആര്‍എല്‍വി-ടിഡിയുടെ പരീക്ഷണ വിക്ഷേപണം ഓഗസ്റ് ആദ്യവാരം നടക്കുമെന്നു വിഎസ്എസ്സി ഡയറക്ടര്‍ എം. ചന്ദ്രദത്തന്‍ അറിയിച്ചു. പരീക്ഷണം വിജയകരമായാല്‍ ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു നാഴികക്കല്ലാകുമിത്.

ബഹിരാകാശ ദൌത്യങ്ങളുടെ ചെലവു കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനം ഐഎസ്ആര്‍ഒ തയാറാക്കിയത്. ഇതിന്റെ മിനുക്കുപണി നടക്കുകയാണ്-ഐഎസ്ആര്‍ഒയില്‍നിന്നു വിരമിക്കുന്നതിനു മുമ്പു മാധ്യങ്ങളോടു സംസാരിക്കവെ ചന്ദ്രദത്തന്‍ പറഞ്ഞു. നിയുക്ത ഡയറക്ടര്‍ എസ്. സോമനാഥും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.


മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അഞ്ചു വര്‍ഷത്തിനകം ഇതു സാധ്യമാക്കാനാകും. ചന്ദ്രനില്‍ ലാന്‍ഡറും റോവറും ഇറക്കിയുള്ള പരീക്ഷണങ്ങള്‍ക്കായുള്ള ചാന്ദ്രയാന്‍-2 2017ല്‍ വിക്ഷേപിക്കും.

ജൂലൈ 10ന് പിഎസ്എല്‍വി-28 വിക്ഷേപിക്കും. മൂന്നു വിദേശ ഉപഗ്രഹങ്ങളാകും ഇതില്‍ വിക്ഷേപിക്കുക. തുടര്‍ന്ന് ആര്‍എല്‍വി-ടിഡി വിക്ഷേപിക്കും. ബഹിരാകാശ നിരീക്ഷണ നിലയം എന്ന ലക്ഷ്യവുമായി ആസ്ട്രോസാറ്റുമായി പിഎസ്എല്‍വി സി-30 തുടര്‍ന്നു കുതിക്കും. പൂര്‍ണസജ്ജമായ ക്രയോ എന്‍ജിനോടു കൂടി ജിഎസ്എല്‍വി ഡി-6 ഓഗസ്റില്‍ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.