യുവതി വെട്ടേറ്റു മരിച്ചു; ഭര്‍ത്താവ് അറസ്റില്‍
Saturday, May 30, 2015 12:33 AM IST
മൂവാറ്റുപുഴ: കഴുത്തിനും തലയ്ക്കും വെട്ടേറ്റു കടാതി അമ്പലംപടി കൊടത്താപ്പിള്ളില്‍ മധുവിന്റെ ഭാര്യ ഉഷ (35) മരിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളിയായ മധുവിനെ (37) സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ് ചെയ്തു. പെരിങ്ങഴയിലെ വാടകവീട്ടില്‍ വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയില്‍ സംശയമുണ്ടായതിന്റെ പേരിലുള്ള വാക്കേറ്റമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. വാക്കത്തികൊണ്ടു വെട്ടേറ്റ ഉഷ ഇറങ്ങി ഓടിയെങ്കിലും സമീപത്തെ വീടിന്റെ മുറ്റത്തു കുഴഞ്ഞുവീണു. സമീപവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും മരിച്ചിരുന്നു. അപ്പോള്‍ മധു വീടിനുള്ളില്‍ത്തന്നെയുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസെത്തി മധുവിനെ അറസ്റ് ചെയ്തു. ഒരു കുട്ടിയുടെ പിതാവായ മധു ആദ്യഭാര്യയെ ഉപേക്ഷിച്ച് ഒന്നരവര്‍ഷം മുമ്പാണ് ഉഷയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ കുട്ടികളില്ല.


കടാതിയില്‍ താമസിച്ചിരുന്ന ദമ്പതികള്‍ പെരിങ്ങഴയിലെ വാടക വീട്ടിലേക്കു മാറിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. എഎസ്പി മെറിന്‍ ജോസഫും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സിഐ വിശാല്‍ ജോണ്‍സണ്‍, പ്രിന്‍സിപ്പല്‍ എസ്ഐ പി.എച്ച്. സമീഷ്, എസ്ഐമാരായ പ്രജീഷ്, വിജയന്‍, എഎസ്ഐ ജോര്‍ജ് ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോണ്‍, ചന്ദ്രബോസ്, അനില്‍, ലാല്‍, സുരേഷ്, പ്രദീപ്, ഗിരീഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഉഷയുടെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.